Thursday, May 24, 2012

ഹര്‍ത്താല്‍

ഈ അഴുകിയ ഹര്‍ത്താല്‍ എന്ന പ്രതിഷേധ സമരമുറ എന്നാണ് ഹേ വീര ചരമം പ്രാപിക്കുക? ഈ ഹര്‍ത്താല്‍ കൊണ്ട് നേടിയെടുത്ത എന്ത് അവകാശങ്ങള്‍, തിരുത്തപ്പെട്ട എന്ത് തീരുമാനങ്ങള്‍ ആണ് കഴിഞ്ഞ 25 വര്‍ഷമായി ഉണ്ടായിട്ടുള്ളത്? [25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും ഉപകാരം ഉണ്ടായി എന്നല്ല, അതിനു മുന്‍പ് എനിക്കു ഓര്‍മ്മ വചിട്ടില്ല]. എനിക്കു ഓര്‍മ്മ വക്കുന്ന കാലത്ത് ഇതു ബന്ദ് എന്ന കലാരൂപമായിരുന്നു. പിന്നീട് എപ്പൊഴൊ ഇത് കോടതി നിരോധിച്ചതായി അറിഞ്ഞു. പക്ഷേ പ്രബുദ്ധനായ മലയാളി പ്രതിഷേധകര്‍ അതിലും ലൂപ് ഹോള്‍ കണ്ടെത്തി. കോടതി നിരോധിച്ചതു ഒരു വാക്കു മാത്രമാണെന്ന് അവര്‍ കണ്ടെത്തി. ബന്ദ് വളരെ കൂള്‍ ആയി ഹര്‍ത്താല്‍ എന്ന് കുപ്പിയിലാക്കി. പക്ഷേ നമ്മുടെ നീതിന്യായ വ്യവസ്ഥക്കു ഇതെന്തു പറ്റി? കണ്ണടച്ചിരിക്കുന്ന നീതിദേവതയുടെ മുന്‍പില്‍ എന്ത് പേകൂത്തും ആടാമെന്നോ? ഇനി ബന്ദ് എന്ന വാക്ക് ഉപയോഗിച്ചതിനു എനിക്കെതിരെ വല്ല കോടതി അലക്ഷ്യകേസ് എടുക്കുമോ എന്തരോ.... എനിക്കു മനസ്സിലാവാത്തത് നമ്മുടെ അബ്കാരി മുതലാളിമാര്‍ക്കു ഈ ബുദ്ധി എന്തേ തോന്നാഞ്ഞത് എന്നാണ്. ചാരായം നിരോധിച്ചപ്പോള്‍ അതിന് വല്ല 'ടപ്പാസ്' [കട: വി.കെ.എന്‍] എന്നും പേരിട്ടു വിക്കാഞ്ഞതെന്തെ?

                ടപ്പാസ്,
                ലൈസന്‍സി: കുഞ്ഞിക്കുട്ടന്‍, കാട്ട്മുക്ക്

      എന്ന ബോര്‍ഡ് നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ക്കു കുറച്ച് അഴകേകിയെനെ.

      പിന്നെ ഉള്ളത് പൊതുസ്ഥലത്തുള്ള പുകവലി നിരോധനം ആണ്. വേണമെങ്കില്‍ പൊതുസ്ഥലങ്ങളെ കക്കൂസ് എന്നോ [സര്‍ക്കാസം അല്ല സര്‍, അവസ്ഥ അതു തന്നെ ആണ്], പുകവലിയെ ധ്രൂമപാനം എന്നോ വിളിച്ച് നമുക്കു രക്ഷപെടാവുന്നതാണ്. ഇനി മലയാളം അത്ര വശമില്ലാത്ത പരിഷ്കാരികള്‍ക്ക് ധ്രൂമപാനം എന്നു പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നമുക്ക് പുകവിടല്‍ എന്നും ഉപയോഗിക്കാം...

     എന്തായാലും പ്രതിപക്ഷപാര്‍ട്ടിക്കുള്ള ഒരു അനുഗ്രഹം ആയിമാറി ഈ പെട്രോള്‍ വില വര്‍ദ്ധനവ് എന്ന ഇരുട്ടടി. ഇരുട്ടത്ത് കുത്തിമലര്‍ത്തിയിട്ടു ഇരുട്ടത്ത് തപ്പികൊണ്ടിരുന്ന അവര്‍ക്കു, ജനങ്ങളെ ഇരുട്ടിലാക്കാന്‍ ഒരു അവസരം കിട്ടിയല്ലോ... നമ്മുടെ നാട് എന്നു നന്നാവുമോ എന്തരോ...

No comments:

Post a Comment