Wednesday, July 14, 2010

ഓര്‍മയിലേക്ക് ഒരു ഫ്രീകിക്ക് ...

            കാല്‍പ്പന്തു കളിയോടുള്ള അഭിനിവേശത്തിന്റെ തുടക്കം ഒരുപക്ഷെ കളിക്കാന്‍  ഏറ്റവും  എളുപ്പം ഉള്ള കളി എന്ന നിലക്ക് ആവണം. ഒരു പന്തും എടുത്തുകൊണ്ടു  ഇറങ്ങിയാല്‍ മതിയല്ലോ. ഓര്‍മയിലൂടെ കുറച്ച കാലം പിറകോട്ടു പോയാല്‍ അത് എത്തി നില്‍ക്കുക സ്കൂളിലെ  ദിവസങ്ങളില്‍  ആണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം വീണു കിട്ടുന്ന പി.ഇ.ടി പിരീഡ്.  ചില ദിവസങ്ങളില്‍ അത് മുടക്കാന്‍ ആയി എക്സ്ട്രാ ക്ലാസ്സ്‌ എന്ന ആയുധവുമായി ചാടി വീഴുന്ന ടീച്ചര്‍മാര്‍. സങ്കടം തോന്നി പോവും. പക്ഷെ മറ്റു ചില സമയങ്ങളില്‍ രണ്ടു പീരീഡ്‌ വരെ നീളുന്ന ഉല്ലാസ വേളകള്‍. കിട്ടിയ ഗോളും അടിച്ച ഗോളും എല്ലാം തൂക്കി എടുത്തു തിരിച്ചു നടക്കുമ്പോഴാവും ക്ലാസ്സ്‌ ലീടെറുടെ അറിയിപ്പ് "എടാ .. ടീച്ചര്‍ ഇല്ല..". വീണ്ടും ചാടി ഇറങ്ങും ഗോദയില്‍, സ്കൂള്‍  ടാപ്പിലെയോ അല്ലെങ്ങില്‍ കിണറ്റിലെയോ പച്ച വെള്ളം തരുന്ന ഊര്ജവുമായി. അങ്ങനെ കഷ്ടപ്പെട്ട് ചവിട്ടും കുത്തും വാങ്ങി ഗോള്‍ അടിച്ചു വീട്ടില്‍ എത്തുമ്പോള്‍ ആണ് ആ സത്യം മനസ്സില്‍ ആവുന്നത്. രാവിലെ ഇട്ടിട്ടു പോയ ഷര്‍ട്ട്‌ അല്പം നിറം മാറിയിട്ടുണ്ട്. പെയിന്റ് പോയിട്ട് ഉണ്ടെങ്കില്‍ അതിനു വേറെ. പിന്നെ ചെവി പൊത്തി ഒരു നില്പാണ് അഞ്ചു നിമിഷത്തേക്ക്. "ഇനി ഇങ്ങനെ വന്നാല്‍ നിന്നെ കൊണ്ട് തന്നെ അലക്കിക്കും". വേണ്ടായിരുന്നു എന്ന തോന്നല്‍. അമ്മയുടെ ദേഷ്യം കണ്ടില്ലെന്നു നടിച്ചു നേരെ ചാടി വീഴും, ഊണ്‍ മേശയിലെ പലഹാരങ്ങളിലെക്ക്. പക്ഷെ ഈ അങ്കം അവിടെ തീരുന്നില്ല.

             അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് സീരിയസ് ആയി ഫുട്ബോളിനെ കുറിച്ച് ചിന്തിക്കുന്നത്. അതിനു കാരണക്കാരന്‍ നെന്മാറക്കാരന്‍ ചന്ദ്രന്‍ മാഷാണ്. പക്ഷെ പന്ത് തൊടണം എന്നുണ്ടെങ്കില്‍ ആദ്യം കരുത്തു തെളിയിക്കണം. മൈതാനത്തിനു ചുറ്റും ഒരു റൌണ്ട് ഓട്ടം. അതും എന്നും ഫുട്ബോള്‍ കിട്ടി എന്ന് വരില്ല. ചിലപ്പോള്‍ പുള്ളി വോളിബോല്‍ കളിപ്പിക്കും. അല്ലെങ്ങില്‍ ഒരു പീരീഡ്‌ മുഴുവന്‍ നീളുന്ന ഫുട്ബോള്‍ പരിശീലനം. dribbling, പാസ്സിംഗ്, ഷൂട്ടിംഗ് തുടങ്ങി നമ്പരുകള്‍ ഒരുപാട്. ചിലപ്പോള്‍ ദേഷ്യം വരുമെങ്കിലും സംഗതി കൊള്ളാമായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്  സ്കൂളിലെ ജൂനിയര്‍ ലെവല്‍ tournament. ഓര്‍മയിലെ ആദ്യത്തെ  പ്രൊഫഷണല്‍  മത്സരം. സ്കൂളിനെ ഹൌസ് ആകി തിരിക്കും. എട്ടിന് താഴെ ഉള്ള ക്ലാസ്സുകാര്‍ ആണ് ഈ ലെവലില്‍. ഞാന്‍ എന്ട്റെ ടീമ്ന്റെ  ഗോളി. ഒരു കളി ജയിച്ചു, ഒന്ന് തോറ്റു. ഫൈനലില്‍ എത്തിയില്ല. ജൂനിയര്‍  സീനിയര്‍ ഫൈനല്‍ മത്സരങ്ങള്‍ ഒന്നിച്ചാണ്. മത്സരം നടക്കുമ്പോള്‍  ഞാന്‍ അപ്പുറത്തെ ക്ലാസ്സില്‍ ഇരുന്നു പ്രസംഗം പഠിക്കുന്നു. ഇന്റര്‍ സ്കൂള്‍   ആര്‍ട്സ്  മത്സരത്തില്‍  അവതരിപ്പിക്കാന്‍ ഉള്ള ഐറ്റം ആണ്. എന്ട്റെ ശ്രദ്ധ മുഴുവന്‍ ഗ്രൗണ്ടില്‍.  ഒടുവില്‍ ഉള്ള ദൈര്യം ഒക്കെ എടുത്തു പറഞ്ഞു "എനിക്ക് വയ്യ ടീച്ചറെ.  എനിക്ക് കളി കാണണം." അടുത്ത ദിവസത്തെ പ്രസംഗം കൊളമായി എന്ന് പറയേണ്ടതില്ലല്ലോ.

ആയിടക്കാണ്‌ കേരളം സന്തോഷ്‌ ട്രോഫി ജയിച്ചത്‌. കേരളത്തിന്റെ കളികള്‍  ടിവിയില്‍  ഉണ്ടാവാറില്ല. പിന്നെ ഒരേ ഒരു മാര്‍ഗം റേഡിയോ യില്‍ ചെവി ചേര്‍ത്ത് പിടിച്ചു നില്‍ക്കുക എന്നാണ്. ഇങ്ങനെ കേട്ട് കണ്ട ഒരു മാച്ച് ആണ് കേരള ഗോവാ ഫൈനല്‍. എന്തായാലും അടുത്ത വര്ഷം കേരള മഹാരാഷ്ട്ര മാച്ച് ടീവിയില്‍ വന്നു. അത്തവണ ആണെന്ന് തോന്നുന്നു വിജയന്‍ bengal ന്റെ എതിരെ നേടിയ ഗോള്‍, ഒരു മലയാളിയും മറക്കാന്‍ ഇടയില്ല.

            1994 ലോക കപ്പു ആണ് ഓര്‍മയിലെ ആദ്യത്തേത്‌. അതും അങ്ങകലെ കിടക്കുന്ന അമേരിക്കയില്‍ നടക്കുന്നത്. ഉറക്കം കളഞ്ഞു കളി കണ്ടു അടുത്ത ദിവസം ക്ലാസ്സില്‍ ഇരുന്നു തൂങ്ങുന്ന ടെക്നിക് അന്നാണ് പഠിച്ചത്. അര്‍ജന്റീന ഒരു ഹരമായി മാറിയതും ആ സമയത്ത് തന്നെ.  മറഡോണയുടെ കളി കാണാന്‍ അത്തവണ ഭാഗ്യം ഉണ്ടായി. മറഡോണയുടെ പാസ്സില്‍ കനിഗിയ  അടിച്ച ഗോള്‍, ബാട്ടിസ്ട്ടൂട്ട, കറുത്ത കുതിരകള്‍ ആയ  bulgaria , ഹജിയുടെ റുമാനിയയോട് തോറ്റ മറഡോണ ഇല്ലാത്ത അര്‍ജന്റീന, ബാജിയോ ഫൈനലില്‍ തുലച്ച പെനാല്‍ട്ടി, രോമാരിഒയുടെ മികവില്‍ ജയിച്ച ബ്രസീല്‍, എല്ലാം ഇന്നും ഓര്‍മയില്‍ നിശ്ചല ചിത്രങ്ങള്‍ ആയി കിടപ്പുണ്ട്.  ഫുട്ബോള്‍ ഒരു ലഹരി ആയി മാറുക ആയിരുന്നു. പത്രം കിട്ടിയാല്‍ ആദ്യം സ്പോര്‍ട്സ് പേജ് വായിക്കുന്ന ശീലം അക്കാലത്തു ആണ് തുടങ്ങിയത്.  അങ്ങനെ ഇരിക്കെ ആണ്  FC കൊച്ചിന്‍ എന്ന ക്ലബ്‌ന്റെ ജനനം. ഇന്ത്യയില്‍ ദേശീയ ലീഗ് തുടങ്ങിയതും  അക്കാലത്തു തന്നെ. കേരള പോലീസും Titanium ഉം നിറഞ്ഞു നിന്ന കേരള ഫുട്ബോളിന്‌ പ്രൊഫഷണല്‍ മുഖം നല്‍കിയ ക്ലബ്‌. വിജയനും, അഞ്ചേരിയും, രാമന്‍ വിജയനും എല്ലാം വന്നതോടെ ഞാന്‍ ഒരു FC ഫാന്‍ ആയി മാറി. ദേശീയ ലീഗിന്റെ  തലേ  ദിവസത്തെ കളിയുടെ റിസള്‍ട്ട്‌ അറിയാന്‍ വേണ്ടി ആറു മണിക്ക് തന്നെ എഴുനേറ്റു പത്രം നോക്കും. അന്ന് വീട്ടില്‍ പത്രം ആദ്യം വായിക്കുക അച്ഛന്‍ ആണ്. അത്  തീരുന്നത്  വരെ കാത്തു നില്ക്കാന്‍ ക്ഷമ ഇല്ല. അത് കൊണ്ടാണ് ഈ സാഹസം. എന്നാല്‍ തുടങ്ങിയതിലും  വേഗം FC പോളിഞ്ഞതോട് കൂടി ആ വഴിക്കുള്ള താല്പര്യം നഷ്ടപ്പെട്ടു.

             പത്തിരിപ്പാല ഒരു മിനി മലപ്പുറം ആണ്. ഫുട്ബോള്‍ കമ്പക്കാരുടെ നാട്. സ്കൂള്‍ മൈതാനിയില്‍  നടത്തുന്ന ഫുട്ബോള്‍ കളികള്‍ കാണാന്‍ എത്തുന്ന കാണികളുടെ എണ്ണം തന്നെ അതിനു സാക്ഷ്യപത്രം. "brothers പത്തിരിപ്പാല" എന്ന ക്ലബ്‌ ആയിരുന്നു  ഞങ്ങളുടെ  പ്രതിനിതികള്‍. ഈ ടൂര്‍ണമെന്റുകളുടെ സ്പോന്സര്മാര് പലപ്പോഴും ഫുട്ബോള്‍ തലയ്ക്കു പിടിച്ച നാട്ടിലെ കച്ചവടക്കരാവും. ഓര്‍മയില്‍ നിന്നൊരു announcement "ട്രോഫി സ്പോന്‍സര്‍ ചെയ്യുന്നത് ... പോത്ത് ബഷീര്‍". ആള് സ്ഥലത്തെ പ്രസിദ്ധ പോത്ത് വ്യാപാരി. എങ്ങനെ ചിരിക്കാതെ ഇരിക്കും? ഈ കളിക്കാര് പലരും ജോലി കിട്ടി ഗള്‍ഫില്‍ പോയതോടെ ഇതെല്ലം കേട്ടുകേള്‍വി മാത്രം ആയി.

             പത്തില്‍ എത്തിയതോട് കൂടി കളിയ്ക്കാന്‍ ഉള്ള ത്വര കുറക്കേണ്ടി വന്നു. എന്നാലും ചിലപ്പോളൊക്കെ ആറു മണി വരെ കളിച്ചു, ഒന്ന് ഫ്രഷ്‌ ആയി വീട്ടില്‍ എത്തും. എന്നിട്ട്  സ്പെഷ്യല്‍ ക്ലാസ്സ്‌ ഉണ്ടായിരുന്നു എന്ന കള്ളവും. അങ്ങനെ 1998 ലോകകപ്പ്.  ചുവപ്പ്  കാര്‍ഡ്‌ ന്റെ മേളം ആയിരുന്നു. ബെക്കാം, ഒര്‍ട്ടേഗ, ന്യുമന്‍ എന്നിവരൊക്കെ പുറത്തു.  ഓര്‍മയില്‍  നില്‍ക്കുന്ന പ്രകടനങ്ങള്‍ സൂക്കെരുടെ ക്രോയഷിയ, ഓവന്റെ ഗോള്‍, സിദാന്‍ എന്ന മാന്ത്രികന്‍, ബ്രസിലിനെ തകര്‍ത്തു ഫ്രഞ്ച് പടയോട്ടം. അര്‍ജന്റീന  ക്വാര്‍ട്ടറില്‍  ഹോളണ്ട്നോട് തോറ്റു     പുറത്തായതോടെ ഫൈനലില്‍  ഫുള്‍ സപ്പോര്‍ട്ടും  ഫ്രാന്‍സിനു ആയിരുന്നു.  പ്ലസ്‌ടു പഠിക്കാന്‍  എത്തി പെട്ടത്   തൃശ്ശൂരില്‍.  ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും ഫോര്‍വേഡ് ഉം  ടിഫെന്ടരും ഒക്കെ ആണ്. അങ്ങനെ ഞാന്‍ പഴയ ഗോളിയുടെ കുപ്പായം എടുത്തിട്ടു. ഒന്ന് രണ്ടു മികച്ച  പ്രകടനങ്ങള്‍ നടത്തിയതോട് കൂടി അല്‍പ സ്വല്പം പേരും ആയതാണ്. പക്ഷെ ഹൌസ് ടീമില്‍  കേറി കൂടാന്‍ അത് പോരാ. കാരണം അവിടെ തലങ്ങും വിലങ്ങും ടയിവ് ചെയ്യുന്ന യാസിന്‍ ഉണ്ടായിരുന്നു. ഹോസ്റ്റലില്‍ ഫുട്ബോള്‍ കമ്പമുള്ള കുറച്ചു പേര് ഉണ്ടായിരുന്നു. എന്നും വൈകീട്ട് കളി. അതും ഫുള്‍ ഗ്രൌണ്ട്. അടപ്പിളകും. ഒരു ഞായര്‍ ‍ആഴ്ച.  ഒന്നൊന്നര മഴ പെയ്യുന്നു. രണ്ടും കല്‍പ്പിച്ചു കളിയ്ക്കാന്‍ ഇറങ്ങി. അത് കഴിഞ്ഞു ഇറ വെള്ളത്തില്‍ ഒരു കുളിയും. തിരിച്ചു എത്തിയപ്പോള്‍ warden വാളും എടുത്തു നില്‍ക്കുന്നു.  മുന്‍പേ  ഒടക്കായിരുന്നത്  കൊണ്ട് ഞങ്ങള്‍ രക്ഷപെട്ടു. പത്തില്‍ താഴെ ഉള്ളവര്‍ക്ക് കണക്കിന് കിട്ടി. പക്ഷെ അധികം വൈകാതെ തന്നെ എനിക്ക് പണി കിട്ടി. പിന്നീട് ഒരിക്കല്‍,  മഴ പെയ്ത കുളമായ ഗ്രൗണ്ടില്‍ തെന്നി വീണു. ഇടത്തെ കയ്യില്‍ ഒരു വേദന. കാര്യമാക്കിയില്ല.  ഇന്നും അത് എവിടൊക്കെയോ നിന്ന് തല പൊക്കും.  അതോടു കൂടി ഗോളിയുടെ പണി നിര്‍ത്തി.  ഡിഗ്രി നാളുകള്‍ ചുമ്മാ ഫുട്ബോള്‍ കളിച്ചു കളയാന്‍ സമയം ഉണ്ടായിരുന്നില്ല. വേറെ  നൂറു  തിരക്കുള്ളപ്പോള്‍.  അങ്ങനെ അടഞ്ഞു പോയ ഒരു അദ്ധ്യായം വീണ്ടും തുറപ്പിക്കുനത്   എന്‍ഐടി ജീവിതമാണ്.  വൈകുന്നേരങ്ങളിലെ പന്ത് കളി, ടൂര്‍ണമെന്റ്, 4 's അരീന... ഗുര്‍ഗാവില്‍  ട്രെയിനിംഗ് സമയം. കളി കാണാന്‍ ഹിന്ദി കാരന്മാര്‍ക്ക് താല്പര്യം ഇല്ല. വെക്കാന്‍ ഹോസ്റ്റല്‍ മാനേജര്‍ക്കും. പത്തു മണിക്ക് ശേഷം ടീവി ഓഫ്‌ ആണ്. പക്ഷെ അങ്ങനെ അങ്ങ് സമ്മതിക്കാന് ‍ഞാനും ജോയിയും  തയ്യാര്‍ അല്ലായിരുന്നു. അര്‍ദ്ധ രാത്രി ഞങ്ങള്‍ രണ്ടു പേരും മാത്രം ടീവിക്ക് മുന്നില്‍. ഒരുപാട് കൊതിപ്പിച്ചു അര്‍ജന്റീന വീണ്ടും പുറത്തു. പക്ഷെ അതില്‍ നിര്‍ഭാഗ്യം എന്ന ഒരു ഘടകം ഉണ്ടായിരുന്നു.   

               ഫുട്ബോള്‍ ഇന്നും ഒരു ഹരം ആയി തന്നെ നില നില്‍ക്കുന്നു. സ്കൂളിലെ ആരും പേടിക്കുന്ന ടീച്ചറോട്‌ ഉടക്കാനും, വീട്ടില്‍ നിന്നും കേള്‍ക്കുന്ന ചീത്ത മറക്കാനും, റേഡിയോയില്‍ ചെവിയോര്‍ത്തും, ടീവിക്ക് മുന്നില്‍  ഉറക്കം കളഞ്ഞും ഇരിക്കാനും, കോരി ചൊരിയുന്ന മഴയത് പന്തും എടുത്തു ഇറങ്ങാനും പ്രേരിപ്പിക്കുന്ന ലഹരി. ലോകകപ്പു   ഫുട്ബോള്‍ ഓരോ മലയാളിക്കും ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ അളക്കാന്‍ ഉള്ള അളവുകോലാണ്. വുവുസേലയും, ജബുലാനിയും, പോള്‍ എന്ന നീരാളിയും, ലരിസ്സ Riquelme യും ഒരുപിടി നല്ലതും ചീത്തയും ആയ ഓര്‍മകളുമായി ഒരു ലോകകപ്പു കൂടി കടന്നു പോകുന്നു. വര്‍ണ്ണ വെറിക്കെതിരെ സധൈര്യം പോരാടിയ  ആഫ്രിക്കന്‍ മണ്ണില്‍ വിരുന്നെത്തിയ  മാമാങ്കം.  മനസ്സില്‍ നിറയെ ഫുട്ബോള്‍ ചിന്തകളും, കൂട്ടലുകളും  കിഴിക്കലുകളും  ആയി മുപ്പതു ദിനങ്ങള്‍. ചര്‍ച്ചകളും വാഗ്വാധങ്ങളും കൊഴുപ്പിക്കാന്‍  ഇന്റര്‍നെറ്റ്‌ ന്റെ അനന്ത  സാധ്യതകളും ആയതോട്‌ കൂടി രംഗം കൊഴുത്തു എന്ന് പറയാതെ വയ്യ.  മനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രങ്ങള്‍: ഗോള്‍ നിഷേധിക്കപെട്ട ലംബാട്, ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ ഉള്ള സുവര്‍ണാവസരം പാഴാക്കിയ ഗ്യാന്‍, പരുക്കിനെ വെല്ലുവിളിച്ചു ഒടിഞ്ഞ കയ്യുമായി കളിച്ച ദ്രോഗ്ബ, യുദ്ധം തോറ്റ പടത്തലവനായി മറഡോണ, പ്രതീക്ഷകളുടെ ഭാരത്തില്‍ തളര്‍ന്നു പോയ മെസ്സിയും റൂണിയും, യുവത്വത്തിന്റെ ചോരത്തിളപ്പുമായി മുള്ളറും ഒസിലും,  തോല്‍വിയിലും തല ഉയര്‍ത്തി മടങ്ങിയ ഷ്വയിനി, നേരത്തെ കൂടൊഴിഞ്ഞ  കാനരികള്‍, ഒറ്റയ്ക്ക് ഒരു ടീമിന്റെ പ്രതീക്ഷകള്‍ തോളിലേറ്റിയ ഫോര്‍ലാന്‍, ചെകുത്താന്റെ കയ്യുമായി സുവരെസ്, ബഹളങ്ങള്‍ ഇല്ലാതെ വന്നു കലാശ കളി വരെ എത്തിയ ഡച്ചുകാര്‍ ... ഒടുവില്‍ തന്ത്രങ്ങളുടെ കരുത്തില്‍ കന്നി കിരീടം ഉയര്‍ത്തിയ  സ്പെയിന്‍.  നന്ദി ... ഈ ലോകകപ്പ്‌  അവിസ്മരണീയം ആക്കിയ എന്ടെ  കൂട്ടുകാര്‍ക്ക് ...  കാത്തിരിക്കാം ... ഇനി സാംബ നൃത്തത്തിന്റെ താളങ്ങള്‍ക്കായി ... ഫുട്ബോള്‍ സിരകളിലൂടെ  ഒഴുകുന്ന, ഫുട്ബോള്‍ ജീവ ശ്വാസം ആയി കരുതുന്ന ബ്രസിലുകാരുടെ  ലോകകപ്പിനായി  ... സ്വപ്നങ്ങളിലെ സ്വപ്ന ഫൈനലിനായി ...