Thursday, May 24, 2012

ഹര്‍ത്താല്‍

ഈ അഴുകിയ ഹര്‍ത്താല്‍ എന്ന പ്രതിഷേധ സമരമുറ എന്നാണ് ഹേ വീര ചരമം പ്രാപിക്കുക? ഈ ഹര്‍ത്താല്‍ കൊണ്ട് നേടിയെടുത്ത എന്ത് അവകാശങ്ങള്‍, തിരുത്തപ്പെട്ട എന്ത് തീരുമാനങ്ങള്‍ ആണ് കഴിഞ്ഞ 25 വര്‍ഷമായി ഉണ്ടായിട്ടുള്ളത്? [25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും ഉപകാരം ഉണ്ടായി എന്നല്ല, അതിനു മുന്‍പ് എനിക്കു ഓര്‍മ്മ വചിട്ടില്ല]. എനിക്കു ഓര്‍മ്മ വക്കുന്ന കാലത്ത് ഇതു ബന്ദ് എന്ന കലാരൂപമായിരുന്നു. പിന്നീട് എപ്പൊഴൊ ഇത് കോടതി നിരോധിച്ചതായി അറിഞ്ഞു. പക്ഷേ പ്രബുദ്ധനായ മലയാളി പ്രതിഷേധകര്‍ അതിലും ലൂപ് ഹോള്‍ കണ്ടെത്തി. കോടതി നിരോധിച്ചതു ഒരു വാക്കു മാത്രമാണെന്ന് അവര്‍ കണ്ടെത്തി. ബന്ദ് വളരെ കൂള്‍ ആയി ഹര്‍ത്താല്‍ എന്ന് കുപ്പിയിലാക്കി. പക്ഷേ നമ്മുടെ നീതിന്യായ വ്യവസ്ഥക്കു ഇതെന്തു പറ്റി? കണ്ണടച്ചിരിക്കുന്ന നീതിദേവതയുടെ മുന്‍പില്‍ എന്ത് പേകൂത്തും ആടാമെന്നോ? ഇനി ബന്ദ് എന്ന വാക്ക് ഉപയോഗിച്ചതിനു എനിക്കെതിരെ വല്ല കോടതി അലക്ഷ്യകേസ് എടുക്കുമോ എന്തരോ.... എനിക്കു മനസ്സിലാവാത്തത് നമ്മുടെ അബ്കാരി മുതലാളിമാര്‍ക്കു ഈ ബുദ്ധി എന്തേ തോന്നാഞ്ഞത് എന്നാണ്. ചാരായം നിരോധിച്ചപ്പോള്‍ അതിന് വല്ല 'ടപ്പാസ്' [കട: വി.കെ.എന്‍] എന്നും പേരിട്ടു വിക്കാഞ്ഞതെന്തെ?

                ടപ്പാസ്,
                ലൈസന്‍സി: കുഞ്ഞിക്കുട്ടന്‍, കാട്ട്മുക്ക്

      എന്ന ബോര്‍ഡ് നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ക്കു കുറച്ച് അഴകേകിയെനെ.

      പിന്നെ ഉള്ളത് പൊതുസ്ഥലത്തുള്ള പുകവലി നിരോധനം ആണ്. വേണമെങ്കില്‍ പൊതുസ്ഥലങ്ങളെ കക്കൂസ് എന്നോ [സര്‍ക്കാസം അല്ല സര്‍, അവസ്ഥ അതു തന്നെ ആണ്], പുകവലിയെ ധ്രൂമപാനം എന്നോ വിളിച്ച് നമുക്കു രക്ഷപെടാവുന്നതാണ്. ഇനി മലയാളം അത്ര വശമില്ലാത്ത പരിഷ്കാരികള്‍ക്ക് ധ്രൂമപാനം എന്നു പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നമുക്ക് പുകവിടല്‍ എന്നും ഉപയോഗിക്കാം...

     എന്തായാലും പ്രതിപക്ഷപാര്‍ട്ടിക്കുള്ള ഒരു അനുഗ്രഹം ആയിമാറി ഈ പെട്രോള്‍ വില വര്‍ദ്ധനവ് എന്ന ഇരുട്ടടി. ഇരുട്ടത്ത് കുത്തിമലര്‍ത്തിയിട്ടു ഇരുട്ടത്ത് തപ്പികൊണ്ടിരുന്ന അവര്‍ക്കു, ജനങ്ങളെ ഇരുട്ടിലാക്കാന്‍ ഒരു അവസരം കിട്ടിയല്ലോ... നമ്മുടെ നാട് എന്നു നന്നാവുമോ എന്തരോ...

Monday, May 14, 2012

ആദ്യത്തെയും അവസാനത്തെയും പ്രണയലേഖനം

ഞാന്‍ വീണ്ടും ബ്ലോഗ്‌ എഴുതാന്‍ തീരുമാനിച്ചു. ഒരു കഥ മനസ്സില്‍ കിടന്നെന്നെ തെറിവിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കല്ല്യാണത്തിനുശേഷം അബദ്ധത്തില്‍ പോലും ഞാനെന്റെ ബ്ലോഗ്‌ സൈറ്റില്‍ കേറീട്ടില്ലാ. എന്നാല്‍ ആദ്യമായ് ഭാര്യയെ പിരിഞ്ഞു കൃത്യം 192km അകലെ കോഴിക്കോട്ടുള്ള സഹോദരീ ഗ്രിഹത്തിലെത്തിയപ്പോള്‍, മനസ്സിലൊരു ഭൂതകാല സ്മരണ എവിടെനിന്നോ തിരയടിച്ചെത്തി. ഇതിനു കാരണം എന്റെയീ  യാത്രയാണ്. ഭാര്യയെ പിരിയലും പഴയ കാമുകിയെ കാണലും ഒരുമിച്ചയത്  യാദിര്‍ശ്ചികം  മാത്രം. എന്നാല്‍ നമുക്കെന്റെ സ്കൂളിലോട്ട്  പോകാം എന്താ..? 

ആദ്യത്തെയും അവസാനത്തെയും പ്രണയലേഖനം

ഞാന്‍ അന്ന് നാലില്‍ പഠിക്കുന്നു. സുഭദ്ര ടീച്ചറുടെ ലാളനയിലും ശാസനയിലും ഞങ്ങളങ്ങനെ ഗജപോക്കരികളായി വാണരുളുന്ന കാലം. എന്റെ അമ്മയും ആ സ്കൂളിലെ ടീച്ചര്‍ ആയതു കാരണം ആവിശ്യത്തില്‍ കൂടുതല്‍ ബഹുമാനം എനിക്ക് കിട്ടിയിരുന്നു, കൂടാതെ കൈകൂലിയും. കൈകൂലി എന്നുപറഞ്ഞാല്‍ നിങ്ങളുദേശിക്കുന്ന പോലത്തെ പണമോ പണ്ടമോ ഒന്നുമല്ല. മറിച്ചു പൂരപറമ്പില്‍ നിന്നുകിട്ടുന്ന കളിപ്പാട്ടങ്ങള്‍, മിട്ടായികള്‍, പലനിറത്തിലുള്ള ഗോലികള്‍, പിന്നെ സുന്ദരിമാരായ തരുണീമണികള്‍ എനിക്കുവേണ്ടി പ്രത്യേകം വറത്ത്കൊണ്ടുവന്ന പുളിങ്കുരു, ചക്കകുരു, കപ്പലണ്ടി, കശുവണ്ടി എന്നുവേണ്ട എല്ലാ സ്ഥപര ജന്ഗമ വസ്തുക്കളും അതില്‍ പെടും.

ഈ കൈകൂലിക്കു പിന്നില്‍ പല ദുരുധേശ്യങ്ങളും ഉണ്ട്. പരീക്ഷകാലത്ത് അമ്മയെ ഉത്തരകടലാസ് നോക്കുന്നതില്‍ ഞങ്ങള്‍ സഹായിച്ചിരുന്നു. അമ്മയിട്ടുപോയ മാര്‍ക്കുകള്‍ കൂട്ടുന്നത്‌ ഞാനും ചേച്ചിയുമാണ്. അമ്മയെ സഹായിക്കാനല്ല മറിച്ചു, കൈകൂലിയില്‍ കാണുംനട്ടാണ്. കൈകൂലിയുടെ കനംകൂടുന്നതനുസ്സരിച്ചു മാര്‍ക്കില്‍ വെള്ളം ചേര്‍ക്കുന്നതില്‍ ഞാനൊട്ടും മടികാട്ടിയില്ല. ചേച്ചിയും ഒട്ടും പിന്നിലല്ല. പാവം അമ്മ ഈ പരിശുദ്ധമായ വെള്ളം ചേര്‍ക്കല്‍ അറിയാതെ ഞങ്ങളെ വിശ്വസിച്ചു പോന്നു.   

നേരത്തെ പറഞ്ഞ കൈകൂലിയില്‍ പെണ്‍കുട്ടികള്‍ കൊണ്ടുവന്നിരുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് പ്രത്യേക ടേസ്റ്റ് ആയിരുന്നു. അവരുടെ ലോലമായ കയ്യിലിരുന്നു വിയര്‍പ്പും ചെളിയും പിടിച്ചു അതൊരു പ്രത്യേക ഡിഷ്‌ ആയിടുണ്ടാവും. അഴിമാതിക്കാരന്‍ ഞാന്മാത്രമല്ല, ജാഫര്‍ മാഷിന്റെ മോന്‍ ഫിറോസും ഒട്ടും പിന്നിലല്ല. ഞാന്‍ കിട്ടിയത് കൊണ്ട് സംതൃപ്തി അടയുമെങ്കില്‍ ലവന്‍ സാധനങ്ങള്‍ ചോദിച്ചു വാങ്ങുമായിരുന്നു.
 
അങ്ങനെയിരിക്കെ ഞങ്ങളുടെ കൂട്ടത്തിലേക്ക് ഒരു സുന്ദരി കടന്നു വന്നു. പേര് പ്രഭ. അവളുടെ അച്ഛന്‍(പോലീസ്) സ്ഥലമാറ്റം കിട്ടി വന്നതാണ്‌. അവളെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എനിക്ക് കുറച്ചതികം. ഞാന്‍ കുറച്ചുനാള്‍ മനപൂര്‍വം അവളോട്‌ ജാഡ കാണിച്ചു നടന്നു. മാത്രോമല്ല അവള്‍ക്കു നമ്മുടെ കൈകൂലി സമ്പ്രദായം അത്ര പിടിയില്ലെന്നു തോനുന്നു. ജാഡകളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അവളുടെ ഭംഗി കണ്ടിട്ട് പോയി മിണ്ടന്നമെന്നുണ്ടാരുന്നു, പക്ഷെ പോലിസച്ചന്റെ കൊമ്പന്‍ മീശ എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

പ്രഭ എന്നോടുള്ളപോലെ ഫിറോസ്സിനോടും തുല്യദൂരം കല്പിച്ചിരുന്നു. ഞങ്ങള്‍ സഹനത്തിന്റെ നെല്ലിപലക കണ്ടുതുടങ്ങീ. അവളുടെ അച്ഛനോടുള്ള പേടി പയ്യെ ഞങ്ങളെ അവളിലോട്ടടുപിച്ചു. അതൊരു പ്രണയമായ് പര്യവസാനിച്ചു. ഇനി ആര് പ്രണയിക്കണം എന്നുമാത്രം തീരുമാനിച്ചാല്‍ മതി. അതിനുള്ളസൂത്രം ഫിറോസ് കണ്ടുപിടിച്ചു. അന്നാണ് ഞാന്‍ ആദ്യമായി പ്രണയലേഖനം എന്നസംഭവം കേട്ടത്. "വലിയ ചേട്ടന്മാര്‍ ചേച്ചിമാര്‍ക്കുകൊടുക്കുന്ന എന്തോ വല്യ സംഭവാത്രേ " അവനെന്നോട് പറഞ്ഞു.  "എന്നാ നമുകുമോരോന്നു അവള്‍ക്കു കൊടുക്കാം ആരുടെ പ്രണയ ലേഖനം അവള്‍ സ്വീകരിക്കുനുവോ അവന്‍ ഭാഗ്യവാന്‍" എന്നായി ഞാന്‍.

അങ്ങനെ ഹരീശ്രീ കുറിക്കേണ്ട പ്രായത്തില്‍ ഞങ്ങള്‍ പ്രണയ ലേഖനം എഴുതുവാന്‍ തീരുമാനിച്ചു. മാര്‍ക്കില്‍ വെള്ളം ചേര്‍ക്കുന്നപോലെ അത്ര എളുപ്പമല്ല കത്തെഴുത്ത്. മാത്രോമല്ല അക്ഷരങ്ങളൊന്നും അത്ര പിടിയില്ല. അന്നുരാത്രി എത്രകിടന്നുരുണ്ടുട്ടും ഉറക്കം വരുന്നില്ല. സാധാരണ ഹോം വര്‍ക്കുണ്ടെങ്കില്‍ ഇരുന്നുറക്കം തൂങ്ങുന്ന ഞാന്‍ പഠിച്ചപണി പതിനെട്ടുനോക്കിയിട്ടും ഒരു രക്ഷയില്ല. പ്രണയ ലേഖനം എന്താണെന്നോ എങ്ങനെയാണെന്നോ ഒരു പിടിയും ഇല്ല. പെട്ടന്ന് മനസ്സില്‍ ഒരുവാചകം മിന്നി മറഞ്ഞു. "പ്രണയിക്കാന്‍ സമയം കിട്ടിയില്ല ക്ഷമിക്കണം".

ഇതിന്റെ അര്‍ഥം എന്താണെന്ന് ഒരേകദേശരൂപം കിട്ടി. ഞാനാകെ കോരിത്തരിച്ചുപോയ്. എന്നെകൊണ്ട്‌ തോറ്റു. ഞാന്‍ നാളെ ഫിറോസ്സിനെ കടത്തി വെട്ടും തീര്‍ച്ച. ഞാനാ പ്രേമലേഖനം പത്തുപതിനഞ്ചു പ്രാവിശ്യം മനസ്സില്‍ ചൊല്ലുന്നതിനിടക്കു ഉറക്കത്തിലോട്ടു വഴുതിവീണു. പല സ്വപ്നങ്ങളും കണ്ടു, പക്ഷെ എല്ലാം അവ്യക്തം. ആരുംവിളിക്കാതെ നേരത്തെ എണീറ്റ എന്നെകണ്ടു അമ്മ അത്ഭുതപെട്ടു. എന്താ കണ്ണാ ഹോം വര്‍ക്ക് വല്ലതും ഉണ്ടോ? ഇത്ര നേരത്തെ എണീറ്റേ? ഇല്ല എന്നാ അര്‍ത്ഥത്തില്‍ തോളും കണ്ണുംകൊണ്ടു മറുപടി പറയുന്നതിനിടക്ക് പ്രണയലേഖനത്തിന്റെ ഓര്‍മ എന്നെ ഒരു കള്ളത്തിലോട്ടു വലിച്ചിഴച്ചു.

"മലയാളത്തില്‍ ഇന്ന് കേട്ടെഴുതുണ്ട്" എന്റെ മറുപടികേട്ട് അമ്മ അടുക്കളയിലോട്ട്‌ നടന്നു. അച്ഛന്‍ രാവിലെ തന്നെ പത്രവും ചായയും മാറിമാറി രുചിച്ചുകൊണ്ടിരുന്നു. ചേച്ചീം അനിയത്തീം ഇതുവരെ എണീറ്റിട്ടില്ല. ഞാന്‍ പുസ്തകവും പേനയുമെടുത്ത്‌ കുത്തിയിരിക്കാന്‍ തുടങ്ങീ. അച്ഛന്‍ ഇടയ്ക്ക്‌ പത്രത്തീന്നു തലപൊക്കി ചോദിച്ചു "എന്തെടുക്കുവാ അതിരാവിലെ". അമ്മയോട് പറഞ്ഞ കള്ളം ആവര്‍ത്തിക്കപെട്ടു. അച്ഛന്‍ പത്രപാരായണം തുടര്‍ന്നു. പേനയും പേപ്പറുമായി  കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. നേരെചൊവ്വേ ആ വാക്യം എഴുതാന്‍ ഈഉള്ളവനെ കൊണ്ട് കഴിയുമെന്ന് തോനുന്നില്ല.

ഇതിനിടക്ക് ചേച്ചി എണീറ്റ്‌ പല്ലുംതേച്ചും പഠനം തുടങ്ങികഴിഞ്ഞു. അനിയത്തി ഇപ്പോളും അട്ട കിടക്കുന്നപോലെ കിടന്നുറങ്ങുന്നുണ്ട്‌. പെട്ടന്നൊരു ഐഡിയകിട്ടി. ഓരോ അക്ഷരും ഓരോരുത്തരോടായി ചോദിക്കാം. അപ്പോള്‍ ആര്‍കും മൊത്തംവാക്യം പിടികിട്ടില്ല. നമുടെ അഭിഷേക്ബച്ചന്‍ പറയുന്ന പോലെ 'വാട്ട് ആന്‍ ഐഡിയ സെട്ജി'. ഞാന്‍ പണ്ടേ ഔട്ട്‌ സോര്‍ഴ്സ്സിന്റെ ആശാനാണ്. ഞാനാ പ്രണയലേഖനം മനസ്സില്‍ ഒരാവര്‍ത്തി വായിച്ചു. "പ്രണയിക്കാന്‍ സമയം കിട്ടിയില്ല ക്ഷമിക്കണം" വൈക്കം മുഹമ്മദുബഷീര്‍ പറഞ്ഞ പോലെ 'എത്ര മനോഹരമായ പ്രണയലേഖനം'. വീട്ടുകാര്‍ അറിഞ്ഞോണ്ട്‌ ആണോ എനിക്ക് പേരിട്ടേ 'കള്ളകൃഷ്ണന്‍'?

ഞാന്‍ ആദ്യം ചേച്ചിയെ ശല്യം ചെയ്യാന്‍ തീരുമാനിച്ചു. "ചേച്ചി 'പ്രേ' എങ്ങനെയാ എഴുത്വാ?" ചേച്ചി എഴുതി 'pre'. "ഇംഗ്ലീഷില്‍ അല്ല ചേച്ചി". ചേച്ചി തിരുത്തി 'പ്രെ'. ഞാന്‍ അത് മനസ്സില്‍ നിന്നു മായുന്നതിനുമുന്‍പ്  ഓടിപോയി എഴുതിവെച്ചു. ഇപ്രാവിശ്യം അമ്മക്ക് പണി കൊടുക്കാന്‍ തീരുമാനിച്ചു. പമ്മി അടുക്കളയില്‍ ചെന്ന് പപ്പടംവറത്തത് മോഷ്ടിചോണ്ട് ചോദിച്ചു. "അമ്മെ 'മി' എങ്ങനെയാ എഴുതാ?" അമ്മ എന്റെ പഠിക്കാനുള്ള ജിജ്ഞാസ കണ്ടു സന്തോഷത്തോടെ കരിപിടിച്ചു കിടക്കുന്ന പാത്രത്തിന്റെ മോളില്‍ കുറിച്ച് തന്നു 'മീ'. 'മീ' മുറിഞ്ഞു പോകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധയോടെ ഓരോപടിയും കേറി മോളില്‍ സ്റ്റഡിറൂമില്‍ എത്തീ അക്ഷരം പകര്‍തീ.

          അടുത്ത ഊഴം അച്ഛന്റെതാരുന്നൂ. "അഛാ 'ക്കാ' ഒന്നെഴുതി കാണിക്കാമോ?". രാവിലെ ശല്യപെടുത്തിയത് അച്ഛനുപിടിച്ചില്ല. പത്രതീന്നു തലപോക്കികൊണ്ട് ഒരു  investigation മോഡല്‍ ചോദ്യം. "എന്തിനാടാ?" ഞാന്‍: 'ഒരു ഹോം വര്‍ക്ക്‌ തീര്‍ക്കാനുണ്ട്'. അച്ഛന്‍ വേഗം പത്രത്തീന്നു അക്ഷരം കാണിച്ചുതന്നു 'ക'. ഞാനത് മനസ്സിരുത്തി പഠിച്ചു റൂമിലോട്ടു വന്നു. അങ്ങനെ ആദ്യത്തെ മൂന്നക്ഷരം കിട്ടി 'പ്രമീക'. ഇനി ഇതാവര്ത്തിക്കണം. ഇന്നെന്തായാലും വേറെ പണി ഇല്ലാത്തത് ഭാഗ്യം.

ഞാന്‍ അങ്ങനെ ഓരോ അക്ഷരങ്ങള്‍ മുത്തും പവിഴവും പിറക്കിയെടുക്കുന്ന ആവേശത്തോടെ പേപ്പരിലാക്കി. മൂനാമത്തെ പന്തിയില്‍ അച്ഛനെന്തോ സംശയം തോന്നിയപോലെ. ഞാന്‍ കുറെ കഷ്ടപ്പെട്ട് പ്രണയലേഖനം പൂര്‍ത്തിയാക്കി. ഇനി എത്രയുംവേഗം ഇതാവള്‍ക്ക്  കൊടുക്കണം. ഞാന്‍ അഹങ്കാരത്തോടെ പ്രണയ ലേഖനം നോക്കി. 'പ്രെമീകന്‍ സമ്മയം കിടിയില ശമികണം'. വോ സൂപ്പര്‍ ഇവളിന്നെന്റെ വലയില്‍ വീഴും. ഞാന്‍ ഒരു മൂളിപ്പാട്ട്പാടി കുളിക്കാന്‍പോയ്‌ തിരിച്ചുവന്നു. അപ്പോള്‍ എല്ലാരും എന്നെ നോക്കി ചിരിക്കുന്നു. അച്ചനും ചേച്ചിയും ചിരിയോ ചിരി. അമ്മയെന്നെ ദേഷ്യത്തോടെ നോക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല.

അച്ഛന്‍ എന്റെ പ്രണയ ലേഖനം ഒരിക്കല്‍ കൂടെ എല്ലാരേം വായിച്ചു കേള്‍പ്പിച്ചു ചിരിക്കാന്‍ തുടങ്ങി. എന്റെ കുഞ്ഞുഹൃദയം വേദനിച്ചു കണ്ണ്നനഞ്ഞു. ചേച്ചി വന്നു സ്വാന്തനിപ്പിച്ചു കണീരോപ്പി. അമ്മയിപ്പോളും ദേഷ്യത്തിലാണ്. കാരണം ഇതെങ്ങാനും ഞാനാ കുട്ടിക്ക് കൊടുത്തിരുന്നെങ്ങില്‍ അമ്മയുടെ ഇമേജ് കപ്പല്‍ കയറിയേന്നെ. സത്യത്തില്‍ എന്റെ പ്രണയം കണ്ടുപിടിച്ചത് അച്ഛന്റെ investigation ആണ്. എന്റെ അക്ഷരങ്ങള്‍ക്കുള്ള റോന്ത്ചുറ്റല്‍ അച്ഛനില്‍ സംശയം ജനിപ്പിച്ചിരുന്നു. കൂടാതെ എന്റെ പതിവില്ലാത്ത നേരത്തെ എണീക്കലും, പഠിക്കലും അച്ഛനെന്തോരാപത്ത് മണത്തു.

ഞാന്‍ കുളിക്കാന്‍ പോകുന്നതുവരെ അച്ഛന്‍ എന്നെ നിരീക്ഷിക്കുനുടായിരുന്നു എന്നു അപ്പോളാ ഞാന്‍ അറിഞ്ഞേ. ഞാന്‍ പത്മവ്യൂഹത്തില്‍ കേറിയ അഭിമന്യുവിനെ പോലെ തിരിച്ചിറങ്ങാന്‍ കഴിയാതെ നിന്നു.  അമ്മ കലിതുള്ളി പ്രണയ ലേഖനം മിക്സ്സീലിട്ടു ഗ്രൈണ്ട് ചെയ്തെപോലെ ആക്കി, കൂടാതെ എനിക്ക് രണ്ടു കിഴുക്കുവെച്ചുതന്നു. അച്ഛന്‍ ഒരേസമയം എന്നെ സ്വാന്തനപെടുത്വേം, അമ്മേനെ സമധാനിപ്പിക്ക്യേം ചെയ്തു. അമ്മ തല്ലിയതിളല്ല എന്റെ പ്രണയം നാംബിലെ നുള്ളിയതിലാനെനിക്കു വിഷമം വന്നത്. എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഞാന്‍ സ്കൂളില്‍ പോകാന്‍ റെഡിയായി.

സ്കൂളില്‍ ഫിറോസ് രസികന്‍ പ്രണയലേഖനം ഏട്ടന്മാരെകൊണ്ട് എഴുതികൊണ്ടുവന്നിട്ടുണ്ട്. എനിക്കാ എഴുത്ത് കീറി കളയനമെന്നുടായിരുന്നു. പക്ഷെ അവന്‍ നല്ല തടിമാടനായകാരണം ഞാന്‍ എന്റെ വിധിയെ പിഴച്ചു കഴിഞ്ഞു. ഫിറോസ് അത് പ്രഭക്കു കൊടുക്കാനായി പോയി. ഞാന്‍ ചിറകു കരിഞ്ഞ പൂമ്പാറ്റയെ പോലെ കീറിയ പുസ്തകതാളുകള്‍ മറിച്ചുനോക്കി കൊണ്ടിരുന്നു. ഒരു പൊട്ടലും ചീറ്റലും കേട്ടാണ് ഞാന്‍ തലപൊക്കി നോക്കിയേ. ദേണ്ടെ ഫിറോസ് തുടയും തടവി കണ്ണീരും നനചോണ്ട് വരുന്നു.

കാര്യം തിരക്കിയപ്പോള്‍ കണ്ണീരും കുടിച്ചോണ്ട് അവന്‍ പറഞ്ഞു. " അവളതെന്റെ ഉപ്പാക്ക് കൊണ്ട് കൊടുത്തു. ഉപ്പ എന്നെ അവളുടെ മുന്നിലിട്ട് തല്ലീ... ങ്ങീ.. ങ്ങീ..". എനിക്കപോലുണ്ടായ സന്തോഷം പറഞ്ഞരിയിക്കനുണ്ടായില്ല. അമ്മയോടുള്ള ദേഷ്യം അപ്പോള്‍ എവിടെയോ പോയൊളിച്ചു. ഞാനവനെ സമാധാനിപ്പിക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനെ വിചാരിച്ചു. 'ഞാന്‍ എത്ര ഭാഗ്യവാന്‍ പ്രണയിനിയുടെ മുന്നില്‍ വെച്ചടി കൊണ്ടില്ലല്ലോ...' ഞാന്‍ ചിരിച്ചു. എന്നെ ആരോ തട്ടിവിളിക്കുന്നു. നോക്കിയപ്പോള്‍ ബസ്സില്‍ തൊട്ടടുത്തിരിക്കുന്ന അച്ഛന്‍. ഞങ്ങള്‍ കോഴികോട്ടുള്ള പെങ്ങളുടെ വീട്ടിലോട്ടു പോയികൊണ്ടിരിക്കുകയായിരുന്നു.

പഴയ സ്കൂളിന്റെ മുറ്റതൂടെയായിരുന്നു ബസ്സു പോയിരുന്നത്.
ഞാന്‍ ചോദിച്ചു: 'അച്ഛാ ഒരു പ്രഭേനെ ഓര്‍മയുണ്ടോ, എന്റെ ക്ലാസ്സ്മെട്ടു?' 
അച്ഛന്‍: "ഏത് നമ്മുടെ 'ക്ഷമിക്കണം പ്രേമിക്കാന്‍ സമയം....' അതോ?" ഞാന്‍ അതെ എന്നമട്ടില്‍ തലകുലുക്കി.
അച്ഛന്‍: എന്താടാ ഇപ്പൊ?
ഞാന്‍: ആ ബസ്ടോപ്പിലോട്ടു നോക്കിയേ...
അച്ഛന്‍: 'അവള്‍ കല്യാണം കഴിഞ്ഞോ കുട്ടികളയോ?'
ഞാന്‍: 'അതെ'.

പ്രഭ അഞ്ജാത കാമുകനെ കണ്ടില്ലെന്നു തോന്നുന്നു. വികൃതികളായ പിള്ളേരെ അടക്കിനിര്‍തുന്നതില്‍ അവള്‍ വ്യാപ്രിതയായിരുന്നു. ഞാന്‍ പ്രഭയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും മനസ്സില്‍ ഭാവുകങ്ങള്‍ നേരുന്നതിനിടയില്‍ വണ്ടി പതുക്കെ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിക്കാന്‍ തുടങ്ങീ.                   .   

-ശുഭം.