ലൊക്കേഷന്‍: വീണ്ടും REC
ഇന്‍ഡക്ഷന്‍ ദിനങ്ങള്‍ ഓരോന്നായി കടന്നുപോയി. ഫൈനല്‍ ഇയര്‍ ആണ്. " ഈ മനോഹര ക്യാംപസില്‍ തരുമോ ഇനിയൊരു വര്‍ഷം കൂടി" എന്ന് പാടി നടന്നാല്‍ വീട്ടുകാര്‍ "വരുമാനില്ലാരുമീ വിജനമാം വഴിയില്‍ കൂടി" എന്നു പാടി വാതിലടക്കുമോ എന്ന ഭയം കാരണം പാടിയില്ലെന്നേ ഒള്ളൂ. മാത്രമല്ല, ഞാന്‍ പാടിയാല്‍ എന്റെ അമ്മ വരെ അതു സഹിക്കില്ല.
പുതിയ ബാച്ചുകാര്‍ക്കുള്ള ഫ്രെഷേഴ്സ് ഡേ ഒക്കെ കഴിഞ്ഞു. എല്ലാവരും ക്ലാസ്സ് മുറികളില്‍[അവരുടെ] നിന്നും ഇറങ്ങി രാജ്പഥിലൂടെ തേരാപാരാ നടക്കാന്‍ തുടങ്ങുന്ന സമയം. ആ ഇടക്കാണ് ഉദ്ദണ്ഡന്‍ എന്ന ഇരട്ടപേരിന് ഉദ്ദു എന്ന ഇരട്ടപേരിട്ട് ഞങ്ങള്‍ വിളിക്കുന്ന മഹി അവന്റെ അംബാസിഡര്‍ കാറുമായി രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് ആ അംബാസിഡറില്‍ കറക്കം ആയിരുന്നു ഞങ്ങളുടെ മെയിന്‍ ടൈം പാസ്.
ഒരു ദിവസം ആ അംബാസിഡറുമായി കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ മുക്കം എന്ന പ്രദേശത്ത് കറങ്ങാന്‍ പോവുകയുണ്ടായി. രണ്ട് ഉദ്ദേശ്യങ്ങളുമായാണ് ഞങ്ങള്‍ അവിടെ പോയത്. പ്രൈമറി ഉദ്ദേശ്യം അംബാസിഡര്‍ കുട്ടനെ കുളിപ്പിക്കുക എന്നതും സെക്കന്‍ഡറി ഉദ്ദേശ്യം അടുത്തുള്ള കള്ളുഷാപ്പുകള്‍ ഒക്കെ ഒന്ന് കണ്ട് വക്കുക എന്നതുമായിരുന്നു.
തികച്ചും പരോപകരമായ ഉദ്ദേശ്യം. നാളെ ആരെങ്കിലും അങ്ങോട്ടുള്ള വഴി ചോദിച്ചാല്‍ പറഞ്ഞു കൊടുക്കാമല്ലോ. അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ച പോലെ..... അയ്യേ, ഞങ്ങള്‍ ആ ടൈപ്പ് അല്ല.
ഉദ്ദു ഡ്രൈവര്‍. ഫ്രണ്ട് സീറ്റില്‍ ഗിയറിന്റെ അടുത്ത് ഞാന്‍, തൊട്ടടുത്ത് പ്യാരി. പുറകില്‍ മച്ചാന്‍, എന്‍. കെ പിന്നെ വി.വി യും. വാട്ടര്‍ സര്‍വീസ് കഴിഞ്ഞ് സെക്കന്‍ഡറി ഉദ്ദേശ്യം നിറവേറ്റാനായി വണ്ടി സ്റ്റാര്‍ട്ട് ആക്കിയതും അപ്പോള്‍ പ്ലേസ്മെന്റ് റെപ്പ് ആയിരുന്ന ഡിങ്കന്റെ കോള്‍.
"ഡാ!! എവ്ടെ പോയി കിടക്ക്വാ..? ഇന്നാണ് ഇന്‍ഡസ് ലോജിക് പ്ലേസ്മെന്റിനു വരണ ദിവസം. എല്ലാവരും ഇങ്ങെത്ത് പെട്ടെന്ന്."
ഡിങ്കന്‍, ക്ലാസ്സില്‍ സ്ഥിരമായി ജിമ്മില്‍ പോകുന്ന ഏക വ്യക്തി. മാത്രമല്ല, സമയത്തിന് അവിടെ എത്തിയില്ലെങ്കില്‍ അവന്‍ ഡെസ്പ് ആകും. പിന്നെ മൂന്ന് ദിവസം അവന്‍ അങ്ങനെ ഡെസ്പ് ആയി തന്നെ ഇരിക്കും. ഇതൊക്കെ ആലോചിച്ചപ്പോള്‍ സെക്കന്‍ഡറി ഉദ്ദേശ്യം റദ്ദാക്കി തിരിച്ചു പോരാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
തിരിച്ചു വരുന്ന വഴിക്ക് കട്ടാങ്കല്‍ എത്താറായി കാണും. ഉദ്ദുവിന്റെ ഫോണിലേക്ക് ടി.കെ യുടെ കാള്‍. എന്തോ അത്യാവശ്യമുണ്ടത്രെ. ഉടനെ വണ്ടി വേണം. പെട്ടെന്ന് രാജ്പഥിലെത്താന്‍ അവന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഉദ്ദു വണ്ടിയുടെ വേഗത കൂട്ടി. വളവു തിരിഞ്ഞ് കാര്‍ രാജ്പഥിലേക്ക് കടന്നപ്പോഴേക്കും ടി.കെ അകലെ നിന്ന് ഓടി വരുന്നതു കണ്ടു. എന്ത് ഭൂമികുലുക്കം വന്നാലും ഓടാത്ത ആളാണ് ടി.കെ. . പണ്ടെപ്പോഴോ പട്ടി കടിക്കാന്‍ വന്നപ്പോള്‍ അവന്‍ കൂളായി നടന്ന് പോകുന്നത് കണ്ട് പട്ടി ഡെസ്പ് ആയി തിരിച്ചോടിയത്രെ. ആ ആളാണ് ഇപ്പോള്‍ ഓടുന്നത്. എന്തായാലും കാര്യം സീരിയസ് ആണ്. ഓടി വരുന്ന ടി.കെ യുടെ മുമ്പില്‍ വണ്ടി സഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി.
ഉദ്ദുവിനോട് താഴെ ഇറങ്ങാന്‍ പറഞ്ഞ ടി.കെ. ഡ്രൈവര്‍ സീറ്റില്‍ ആസനസ്ഥനായി. ടി.കെ ഓടുന്നതു കണ്ട ഷോക്കില്‍ കാര്യമൊന്നുമറിയാതെയാണ് ഉദ്ദു കാറില്‍ നിന്നും ഇറങ്ങി കൊടുത്തത്. വണ്ടിയുടെ കണ്ട്രോള്‍ ഏറ്റെടുത്ത ടി.കെ വളരെ പ്രാഗത്ഭ്യത്തോടെ വണ്ടി വീശി യു-ടേണ്‍ എടുത്ത് മെയിന്‍ റോട്ടിലേക്ക് കുതിച്ചു. സംഭവിച്ചതൊന്നും മനസ്സിലാക്കാതെ അന്ധാളിച്ചു നില്‍ക്കുന്ന ഉദ്ദു ചെറുതായി, ചെറുതായി ഒരു പൊട്ടായി ഞങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു.
കഥയറിയാതെ പൂരം കണ്ടു കൊണ്ടിരുന്ന ഞങ്ങള്‍ അവസാനം മൗനം ഭഞ്ജിക്കാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ അവനോട് ചോദിച്ചു, "എന്താ ടി.കെ പ്രശ്നം?". പ്രത്യേക വികാരമൊന്നുമില്ലാതെ അവന്‍ പറഞ്ഞു, "അങ്ങനെ വല്ല്യ പ്രശ്നം ഒന്നൂല്ല്യടാ. നമ്മുടെ മച്ചാന്‍ റാഗ് ചെയ്ത സബ് ജൂനിയര്‍ പെണ്‍കൊടിക്ക് സുഖമില്ല. ഭയങ്കര പനി. അവളെ ആശുപത്രിയില്‍ കൊണ്ടോവണം."
ഒരു ഫ്ലാഷ്ബാക്ക്.
ടി.കെ ബാത്റൂമില്‍ കേറാന്‍ നില്‍ക്കുമ്പോഴാണ്, കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ് തംസ് കോള്‍ ചെയ്യുന്നത്. കേട്ട പാതി, കേള്‍ക്കാത്ത പാതി, കുളി നാളെയുമാകാം എന്ന് മനസ്സില്‍ പറഞ്ഞ് ടി.കെ റൂമില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഹോസ്റ്റലില്‍ ആര്‍ക്കെങ്കിലും ജലദോഷം വന്നാല്‍ പോലും മരുന്നും ഭക്ഷണവുമായി മുറിയിലെത്തുന്ന വിശാല മനസ്കനാണ് പള്ളി സര്‍. പള്ളി സാറും പനി പിടിച്ച് കിടക്കുകയാണ്. ടി.കെ പോകുന്ന കണ്ട് പള്ളി സര്‍ പറഞ്ഞു, "എന്നെ ഒന്ന് ആശുപത്രയില്‍ കൊണ്ടു പോകെടാ.. എനിക്കു തീരെ വയ്യ." "പ്ഫൂ" എന്ന് നീട്ടി തുപ്പിയിട്ടാണ് ടി. കെ അവിടെ നിന്ന് ഇറങ്ങി ഓടിയതെന്നാണ് സാക്ഷികള്‍ പറഞ്ഞ് കേട്ടത്.
ഫ്ലാഷ്ബാക്കില്‍ നിന്നും തിരിച്ച് സംഭവസ്ഥലത്തേക്ക്.
ടി.കെ വണ്ടി ചവിട്ടി വിടുകയാണ്. നേരെ പോയത് ക്യാമ്പസ് ക്ലിനിക്കിലേക്ക്. അവിടെ ചെന്നപ്പോള്‍ രോഗി പോയിട്ട് ഒരു രോഗാണു പോലുമില്ല. തംസിനെ വിളിച്ചപ്പോള്‍ അവര്‍ ഡോക്ടറിന്റെ വീട്ടിലാണെന്നറിഞ്ഞു. ഡോക്ടറുടെ വീട്ടിലേക്ക് പോകാന്‍ ടി.കെ വണ്ടി തിരിച്ച തിരി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എങ്ങാനും കണ്ടിരുന്നെങ്കില്‍ അവനെ അംബാസിഡറിന്റെ അംബാസിഡര്‍ ആക്കിയേനെ.
അങ്ങനെ നമ്മുടെ അംബാസിഡര്‍ കാര്‍ ഡോക്ടറുടെ വീടിന്റെ മുന്നിലെത്തി സഡന്‍ ബ്രേക്ക് ഇട്ട് നിന്നു. മച്ചാന്‍ ബാക്ക് ഡോര്‍ തുറന്ന് അടുത്തുള്ള തെങ്ങില്‍ ചാരി നിന്ന് ചുറ്റും പുകപടലം സ്റ്ഷ്ടിച്ച് കാഴ്ചകള്‍ മറക്കാന്‍ ശ്രമിച്ചു. [മച്ചാന് ഈ കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെട്ടത് മറ്റൊരു കഥയാണ്.] കുട്ടിയെ ഇരുവശത്തുമായി താങ്ങി പിടിച്ച് തംസും സ്മിതയും കാറിന്റെ അടുക്കലേക്ക് വന്നു. അപ്പോഴും എന്‍.കെ യും വി.വി യും കാറിന്റെ പിന്‍സീറ്റില്‍ തന്നെ ഇരിക്കുന്നു. ഇനി നിന്നോടൊക്കെ എഴുന്നേറ്റ് മാറാന്‍ പ്രത്യേകം പറയണമോ എന്നുള്ള അര്‍ത്ഥത്തില്‍ തംസ് അവരെ ഒന്നു നോക്കി. കുറച്ച് നേരത്തെ നിശബ്ദതകള്‍ക്ക് ശേഷം ബാക്ക് സീറ്റ് കാലിയായി. മൂന്ന് പെണ്‍കൊടികളും കാറിന്റെ പിന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു.
കാറിന്റെ പിന്‍ സീറ്റില്‍ ഇരിക്കാന്‍ തോന്നാഞ്ഞതിന് ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. ഇന്‍ഡക്ഷന് ശേഷം കുട്ടികളെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ കിട്ടിയിരിക്കുന്ന ഒരു അവസരം ആണല്ലോ. അവളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ആള്‍ എന്ന നിലക്ക് കേറി മുട്ടേം ചെയ്യാം.
കുറച്ചു സമയത്തിനുള്ളില്‍ പ്യാരിക്ക് പണി കിട്ടി. എന്തോ പറഞ്ഞ് എന്‍.കെ അവനെ കാറില്‍ നിന്നും പുറത്ത് ചാടിച്ചു. എനിക്ക് അപകടം മണത്തു. എനിക്കും ആരോ പണി തരാന്‍ പോകുന്നു. അഗാധ ഗര്‍ത്തത്തിലേക്ക് വീഴാന്‍ പോകുന്ന ഒരാള്‍ കച്ചിതരുമ്പില്‍ എങ്ങനെയാണൊ മുറുക്കി പിടിക്കുന്നത് അതു പോലെ ഞാന്‍ ഗിയര്‍ ലിവറില്‍ മുറുകെ പിടിച്ചിരുന്നു. പക്ഷേ അതാ ഞാന്‍ പേടിച്ചിരുന്ന വില്ലന്‍. ചാക്കോ. പുതിയ കുട്ടികള്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ തേച്ച ഷര്‍ട്ടും ടക്ക് ചെയ്ത് കുട്ടപ്പനായാണ് അവന്‍ നടക്കുന്നത്. അവന് വളരെ മുന്‍പേ ഈ അവസരത്തിനെ കുറിച്ച് വിവരം ലഭിച്ച പോലെ. ഞാനാണെങ്കിലോ കേരള പുരുഷന്റെ യൂണിഫോമായ ലുങ്കിയിലും. അവന്‍ കാറിന്റെ അടുത്ത് വന്നു സാമാന്യം ഉച്ചത്തില്‍ എന്നോട് ചോദിച്ചു, "ഈ ലുങ്കിയൊക്കെ ഉടുത്ത് നീ എങ്ങോട്ടാ?". ചെറുത്തുനില്‍ക്കുന്നത് ദൂഷ്യം ചെയ്യുമെന്ന് എന്റെ എക്സ്പീരിയന്‍സ്ഡ് സിക്സ്ത് സെന്‍സ് എന്നോട് പറഞ്ഞു. അവന്റെ ചോദ്യത്തില്‍ അടി തെറ്റിയ ഞാന്‍ തോല്‍ക്കുമെന്നുറപ്പായ പരീക്ഷയുടെ ആന്‍സര്‍ പേപ്പര്‍ കൊടുത്ത് പരീക്ഷാ ഹാളില്‍ നിന്നിറങ്ങുന്ന മാനസികാവസ്ഥയോടെ, മനസില്ലാ മനസ്സോടെ, ഗിയറില്‍ നിന്നും പിടി വിട്ട് കാറിന്റെ പുറത്തേക്കിറങ്ങി.
ചാക്കോയും, ബര്‍മുഡ ധരിച്ച എന്‍.കെയും ആ ശകടത്തിലേക്ക് വലിഞ്ഞു കേറി. പതുക്കെ ആ അംബാസിഡര്‍ ആശുപത്രിയെ ലക്ഷ്യമാക്കി നീങ്ങി. ഇനി മുതല്‍ ലുങ്കി ഉടുത്ത് പുറത്തിറങ്ങില്ലെന്നും, അഥവാ ഇറങ്ങിയാല്‍ അതിന്റെ അടിയില്‍ ഒരു ബര്‍മുഡ ധരിക്കുമെന്നും മനസ്സില്‍ ശപഥം ചെയ്ത് ഹോസ്റ്റലിനെ ലക്ഷ്യമാക്കി നീങ്ങി. പുറകില്‍ നിന്നും പ്യാരിയുടെ ആത്മഗതം.
"ഉദ്ദുവിന് ഒരു ടെമ്പൊ കൊണ്ടുവരാമായിരുന്നു".