Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Saturday, August 28, 2010

ഹോളീമഹാത്മ്യം

നാട്ടില്‍ ഓണത്തിന് പൂവിട്ടും വിഷുവിന് ഓലപടക്കം പൊട്ടിച്ചും നടന്നിരുന്ന ഞാന്‍ ഹോളി ആഘോഷം ആദ്യമായി ശ്രദ്ധിക്കുന്നത് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ടി.വി യില്‍ ആണ്. മേലാകെ നിറങ്ങള്‍ വാരിപൂശി, കളര്‍ വെള്ളം ആള്‍ക്കാരുടെ തലയിലൂടെ ഒഴിച്ച്... ഓര്‍ക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ ചിത്രത്തില്‍ പറഞ്ഞ പോലെ എന്തൊരു സുന്ദരമായ ആചാരങ്ങള്‍....

അന്ന് മുതല്‍ ആര്‍ക്കെങ്കില്‍ക്കും ഇട്ട് ഇത് പ്രയോഗിക്കണം എന്ന ആഗ്രഹം എന്റെ മനസ്സില്‍ പൊട്ടി മുളച്ചത്. നാട്ടുകാരുടെയോ വീട്ടുകാരുടെയോ അടുത്ത് ഇതു പരീക്ഷിച്ചാല്‍ നേരെ പിടിച്ച് കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ടുപോയി നസ്യം, നെല്ലിക്കാതളം തുടങ്ങിയ ബാര്‍ബേറിയന്‍ ആഘോഷങ്ങള്‍ നടത്തികളയുമോ എന്ന് പേടിച്ച് ആ ആഗ്രഹത്തെ അവിടെ തന്നെ ഒരു കുഴി വെട്ടി കുഴിച്ചു മൂടി.

പിന്നീട് RECയില്‍ എത്തിയപ്പോഴാണ് സീനിയര്‍ ബാച്ചിലെ കുറച്ച് വടക്കന്മാര്‍ കുറച്ച് കളര്‍ഫുള്‍ കളേഴ്സ് കൊണ്ടു വന്ന് ഞങ്ങളോട് അനുവാദം ഒക്കെ ചോദിച്ച് മുഖത്തൊക്കെ ഒന്ന് തലോടി കടന്നുപോയത്. മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് അന്നേ എനിക്ക് സംശയം തോന്നിയതാണ്. പിന്നെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ എനിക്കുറപ്പായി. ഇത്രയും നിരുപദ്രവകാരിയും സര്‍‌വ്വോപരി മുഖ്യമന്ത്രിയുമായ ഒരു ആഘോഷത്തിനെ എത്ര ഭയാനകമായാണ് അവര്‍ ചിത്രീകരിച്ച് കൊതിപ്പിച്ചത്. (പിന്നീട് ഒരവസരത്തില്‍ ഞങ്ങള്‍ക്ക് മനസ്സിലായി, ഇരുപത്തെട്ട് മലയാളികളടങ്ങിയ ഞങ്ങളുടെ ബാച്ച്, ഹോളി ആഘോഷത്തെ എങ്ങനെ നേരിടുമെന്ന് അറിയാത്തത് കൊണ്ടാണ് വെറും അഞ്ച് പേരുള്ള അവര്‍ വലിയ കലാപരിപാടികളൊന്നും നടത്താതെ പോയത്.) എന്റെ മൂടി കുഴിച്ചിട്ട ആഗ്രഹം പരീക്ഷിക്കാനുള്ള ഒരു അവസരം അവിടെ കണ്ട ഞാന്‍ സീനിയെഴ്സിന്റെ പുറകെ പോയി അടുത്ത ഹോളിക്ക് എന്റെ മേത്ത് തേക്കുന്നതില്‍ നിന്നും കുറച്ചോ എന്നും പറഞ്ഞ് കുറച്ച് കളര്‍ കടം വാങ്ങി നമ്മുടെ ക്ലാസ്സ്മേറ്റ്സിന്റെ അടുത്ത് പരീക്ഷിക്കാന്‍ ശ്രമിച്ചിട്ട് തല്ല് കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. കണ്ണൂരുകാരന്‍ രജീഷ് ഗോവണിക്കടിയില്‍ കേറി ഒളിച്ചെങ്കിലും, പുറകെ കളറെറിയാന്‍ ചെന്ന ഞാന്‍ അതു ചെയ്യാതെ തിരിച്ച് വന്നത് പിന്നത്തെ തവണ നാട്ടില്‍ നിന്ന് വരുമ്പോള്‍ ഏറുപടക്കം കൊണ്ട് ഹോളി ആഘോഷിക്കും എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്. കുളിക്കാന്‍ പോവുകയായിരുന്ന റോയിയെ പിടിച്ചു നിര്‍ത്തി കളര്‍ തേച്ചപ്പോള്‍ അവന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ അങ്ങ് ഇടുക്കിയിലെ ഫ്യൂസ് വരെ അടിച്ചു പോകുമായിരുന്നു. അല്ലേലും സുമോഗുസ്തികാരുടെ അടുത്ത് ഫുട്ബോളും കൊണ്ടു പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ. ഏതായാലും വളരെ വൈകാതെ ഞാന്‍ എന്റെ പരീക്ഷണം ഇനിയൊരറിയിപ്പുണ്ടാകുന്ന വരെ നിര്‍ത്തിവച്ചു.

വിഷുവും ഓണവും പിന്നെയും വന്നു പോയി. പുതിയ ബാച്ചുകളില്‍ മുഴുവന്‍ വടക്കന്മാര്‍. ന്യൂനപക്ഷമായിരുന്ന അവര്‍ പെട്ടെന്ന് ഭൂരിപക്ഷമായി. ലോലഹൃദയരായ ആളുകള്‍ ഹോളിത്തലേന്ന് കുടും‌ബം പൂകി. കഠിനഹൃദയരായ ഞങ്ങള്‍ കുറച്ചുപേര്‍ എന്തും നേരിടാന്‍ തയ്യാറായി ഹോസ്റ്റലില്‍ തന്നെ നിന്നു. സമയം കഴിയുന്തോറും നാളെ എന്തൊക്കെ സംഭവിക്കും എന്നുള്ളതിനെ കുറിച്ച് ചെറിയ പേടി തോന്നി തുടങ്ങി. ഇന്‍ഡക്ഷന്‍ എന്നൊക്കെ പറഞ്ഞ് രാത്രിയില്‍ അവന്മാരുടെ മുറിയില്‍ കാണിച്ചുകൂട്ടിയ അഭ്യാസപ്രകടനങ്ങള്‍ ഓര്‍ക്കുമ്പോള്‍ എല്ലാം കൈവിട്ടു പോകുമോ എന്നുള്ള ഒരു പേടി. വീട്ടില്‍ പോയവര്‍ ഭാഗ്യവാന്മാര്‍. നടുറോട്ടില്‍ പാതിരാത്രി ട്രക്കിനുമുന്നില്‍ മസിലും പിടിച്ച് ഇരിക്കുന്ന കഠിനഹൃദയരായ തവളകളെ ഞാന്‍ മനസ്സില്‍ ധ്യാനിച്ചു. അവര്‍ക്കു വേണ്ടി മനസ്സില്‍ ഒരു മെഴുകിതിരി കത്തിച്ചു. അങ്ങനെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ഞാന്‍ മയങ്ങി.

"ഒരു പൂന്തോപ്പില്‍ വിരിയും പൂക്കള്‍ക്ക് ഒരേ നിറമല്ലല്ലോ.." പരിചയമുള്ള ഒരു നേര്‍ത്ത പാട്ട് എവിടെ നിന്നോ ഒഴുകിയെത്തി. ഞാന്‍ കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുറിയിലെ ടിവിയില്‍ നിന്നാണ്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഉച്ചക്ക് വീട്ടിലെത്തിയുള്ള ഉച്ചമയക്കത്തില്‍ നിന്നെന്നെ വിളിച്ചുണര്‍ത്താറ് ഈ പാട്ട് ആണ്. കേബിളില്ലാതിരുന്ന കാലത്ത് വീട്ടില്‍ സ്നേഹസീമയും, ജ്വാലയായും, മോഹനവും സ്ഥിരം വിരുന്നുകാരായിരുന്നു. അവര്‍ ഇത് വീണ്ടും റീ-ടെലികാസ്റ്റ് ചെയ്തു തുടങ്ങിയോ. കട്ടിലില്‍ കിടന്ന് കൊണ്ട് തന്നെ ഞാന്‍ റിമോട്ട് എടുത്ത് ചാനല്‍ മാറ്റാന്‍ ശ്രമിച്ചു. മുര്‍ഫി* പറഞ്ഞതു പോലെ തന്നെ ചാനല്‍ മാറുന്നില്ല. ( *-Murphy's law - Anything that can go wrong, will go wrong). ഈ റിമോട്ട് ഇങ്ങനെയാണ്, ആവശ്യമുള്ള സമയത്ത് പണി മുടക്കും. ഇത് ഓഫ് ചെയ്യാന്‍ പോലും പറ്റുന്നില്ലല്ലോ ദൈവമെ. സാരമില്ല, അര മണിക്കൂര്‍ പരിപാടി അല്ലെ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും പരിപാടി തീരന്നില്ല. സീരിയലിന്റെ കാഠിന്യം, എഴുന്നേക്കാനുള്ള മടിയെ മറി കടന്നപ്പോള്‍ ടിവി സ്വിച്ച് ഓഫ് ചെയ്യാനായി ഞാന്‍ എഴുന്നേല്‍ക്കാന്‍ തീരുമാനിച്ചു. എനിക്ക് എഴുന്നേക്കാന്‍ കഴിയുന്നില്ല. എന്തോ പുറകോട്ട് പിടിച്ചു വലിക്കുന്നു. പുതച്ചിരുന്ന പുതപ്പ് ഞാന്‍ മാറ്റി. ആരോ എന്റെ കാലുകളും അരയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയാല്‍ കെട്ടിയിരിക്കുന്നു. എനിക്കൊന്നും മനസ്സിലാവുന്നില്ല, ആരാണിത് എന്നോട് ചെയ്തത്. എന്തിനു വേണ്ടി. എത്ര കുതറിയിട്ടും രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. പെട്ടെന്ന് ടിവിയില്‍ സീരിയല്‍ നിന്നു. ഒരു സര്‍ക്കസ് കോമാളി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഇയാളെ ഞാന്‍ മുന്‍പെവിടെയോ കണ്ടിട്ടുണ്ട്. അതേ, ഇതയാള്‍ തന്നെ. ജയസൂന്റെ മുറിയില്‍ വച്ച് ഞാന്‍ ഇന്നലെ കണ്ട saw സിനിമയിലെ കോമാളി. ആളുകളെ ഇത് പോലെ എവിടെയെങ്കിലും കെട്ടിയിട്ട് രക്ഷപ്പെടാന്‍ എന്തെങ്കിലും ബുദ്‌ധിമുട്ടേറിയ വഴി പറഞ്ഞ് കൊടുക്കുകയാണ് ഇയാളുടെ പ്രധാന ഹോബി. ദൈവമേ! ഞാന്‍ ഇയാളുടെ വലയില്‍ എങ്ങനെ അകപ്പെട്ടു.

"ബിനില്‍, SAW യി ലേക്ക് നിങ്ങള്‍ക്കും സ്വാഗതം. നിനക്ക് രക്ഷപ്പെടനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം."

"അതിനു നിങ്ങള്‍ എന്നെ എന്തു ചെയ്യാന്‍ പോകുന്നു?"

"നിങ്ങള്‍ ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടാല്‍ ഭക്ഷണവും വെള്ളവും കിട്ടാതെ നീ മരിക്കും. മരിക്കുന്ന വരെ നീ ഈ സീരിയല്‍ കണ്ടു കൊണ്ടിരിക്കേണ്ടി വരും."

"ഭക്ഷണവും, വെള്ളവും തരാതിരുന്നു കൊള്ളൂ, പക്ഷേ ഈ സീരിയല്‍ ഒന്ന് നിര്‍ത്തികൂടെ?"

"വേണമെങ്കില്‍ ഭക്ഷണവും വെള്ളവും തരാം, പക്ഷേ സീരിയല്‍ നിര്‍ത്തില്ല."

"അതിലും ഭേദം പെട്ടെന്ന് തന്നെ മരിക്കുന്നതാണ്. നിങ്ങള്‍ രക്ഷപ്പെടാനുള്ള വഴി എന്താണെന്ന് പറയൂ."

"നിങ്ങളുടെ തലയിണയുടെ അടിയില്‍ ഒരു കത്തി വച്ചിട്ടുണ്ട്. അത് കൊണ്ട് എന്ത് ചെയ്യണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ചോളൂ."

തിരിച്ചെന്തെങ്കിലും പറയാന്‍ പറ്റുന്നതിന് മുന്‍പേ കോമാളി ടിവിയില്‍ നിന്നും മറഞ്ഞു. തീരിച്ച് സീരിയല്‍ പ്ലേ ചെയ്യാന്‍ തുടങ്ങി. നായകന്റെ ഡയലോഗ്, "ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും; ഇല്ലേല്‍ കുടിപ്പിക്കും". ഉപ്പ് തിന്നാതെ തന്നെ വെള്ളം കുടിച്ച് കിടക്കുമ്പോഴാണ് അവന്റെ ഒരു ഡയലോഗ്. ഞാന്‍ തലയിണക്കടിയില്‍ പരതി. അയാള്‍ പറഞ്ഞതു പോലെ തന്നെ ഒരു കത്തി. പക്ഷെ ഇത് കൊണ്ട് ഒരു പഴം പോലും മുറിക്കാന്‍ പറ്റത്തില്ല. ഒന്ന് കുത്തിചാവാന്‍ പോലും പറ്റില്ലല്ലോ എന്റെ ദൈവമേ. എത്ര സമയം ഞാന്‍ അങ്ങനെ കിടന്നു എന്നെനിക്കറിയില്ല. വിശപ്പ് സഹിക്കാന്‍ പറ്റുന്നില്ല. പതുക്കെ എന്റെ കണ്ണുകള്‍ അടഞ്ഞു. അലിഞ്ഞലിഞ്ഞ് ഞാന്‍ ഇല്ലാതായി.

വീണ്ടും ഞാന്‍ കണ്ണ് തുറന്നപ്പോള്‍ കുറേ ഭൂതഗണങ്ങള്‍ എന്റെ മുന്നില്‍. കറുപ്പും, നീലയും നിറത്തിലുള്ളവ. അവര്‍ എന്റെ മുറിയുടെ വാതിലില്‍ക്കല്‍ നിന്ന് എന്തൊക്കെയോ ആക്രോശിക്കുന്നുണ്ട്. എന്തോ ഒരു അദൃശ്യശക്തി അവരെ അകത്തേക്ക് കടത്തി വിടുന്നില്ല. എന്നെ കൊണ്ട് പോകാന്‍ വന്നതാണ് കാലനും കിങ്കരന്മാരും. സമയമായിട്ടുണ്ടാകില്ല, അതാണ് അവര്‍ അകത്ത് കേറാത്തത്. അവര്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ട്. 'ഹാപ്പി ഹോളി' എന്നോ മറ്റോ. ഞാന്‍ ഒന്നും, രണ്ടും, മൂന്നും തവണ കണ്ണ് തിരുമ്മി നോക്കി. ഇത് സ്വപ്നത്തിന്റെ കണ്ടിന്യുവേഷന്‍ ഒന്നും അല്ല. പച്ചയായ റിയാലിറ്റി. അകത്തേക്ക് വരണ്ട, ഞാന്‍ പുറത്തേക്ക് വരാമെന്ന് ഞാന്‍ എങ്ങനെയൊക്കെയോ ആംഗ്യം കാണിച്ചു. ഇന്നലെ ഉറങ്ങിയതറിയാതെ ഞാന്‍ വാതില്‍ കുറ്റിയിടാന്‍ മറന്ന് പോയി. കണ്ട സ്വപ്നത്തിന്റെ ഹാങോവര്‍ മാറിയിട്ടുമില്ല. ഉറക്കച്ചടവോടെ പതുക്കെ ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. വാതിലിന്റെ പുറത്ത് ഞാന്‍ എത്തിയില്ല, എവിടെ നിന്നോ ഒന്ന് രണ്ട് ബക്കറ്റു വെള്ളം എന്റെ തലയില്‍ കൂടെ താഴോട്ടൊലിച്ചിറങ്ങി. നല്ല നീല നിറത്തിലുള്ള വെള്ളം. ദിവസവും കുളിക്കാനായി ബക്കറ്റുമെടുത്ത് ലേബര്‍ റൂമിന് മുന്നില്‍ നടക്കുന്ന ഭര്‍ത്താക്കന്മാരെ പോലെ ഒന്ന് രണ്ട് വട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടാണ് ഞാന്‍ കുളിക്കാമെന്നെ തീരുമാനം എടുക്കാറ്. ഇന്ന് ഇനി ആ കണ്‍ഫ്യൂഷന്‍ ഒന്നും വേണ്ട. കുളിപ്പിച്ചതിന് തൊട്ട് പിന്നാലെ ആ ഭൂതഗണങ്ങള്‍ എന്നെ അവരുടെ കയ്യിലുള്ള കടുത്ത നിറങ്ങള്‍ കൊണ്ട് പല്ല് തേപ്പിച്ചു, സോപ്പ് തേപ്പിച്ചു, പിന്നെയും കളര്‍ വെള്ളമൊഴിച്ച് കുളിപ്പിച്ചു.

പ്രതികരണശേഷി നഷ്ടപ്പെട്ട് പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയെ പോലെ ഞാന്‍ അവിടെ കുറച്ച് നേരം നിന്നു. എന്നെ ആ അവസ്ഥയില്‍ നിര്‍ത്തിയിട്ട് ഭൂതഗണങ്ങള്‍ അടുത്ത ഇരകളെ ലക്ഷ്യമാക്കി നീങ്ങി. ചലനശേഷി വീണ്ടെടുത്ത ഞാന്‍ ഹോസ്റ്റലിലെ മൊത്തം അവസ്ഥ മനസ്സിലാക്കാന്‍ ഭൂതഗണങ്ങള്‍ വന്ന വഴിക്കെതിരേ നടന്നു (അല്ലാതെ വീണ്ടും അവരുടെ കയ്യില്‍ കിട്ടിയാലോ എന്ന് പേടിച്ചിട്ടൊന്നുമല്ല). എനിക്ക് എതിരേ അപ്പോള്‍ ഒരു നീലജീവി നടന്ന് വരുന്നു. (ജെയിംസ് കാമറൂണ്‍ ഏതെങ്കിലും ഹോളി സമയത്ത് ഇന്ത്യയില്‍ വന്നപ്പോള്‍ ഇതുപോലെയുള്ള ഏതോ അവതാരത്തെ കണ്ടിട്ടാവണം 'അവതാര്‍' സിനിമയില്‍ പണ്ടോരയിലെ ജീവികളെ രൂപകല്പന ചെയ്തത്.) ഈ രൂപം എനിക്ക് പരിചയമുണ്ട്, പക്ഷേ അരാണെന്ന് മനസ്സിലാവുന്നില്ല. അടുത്തെത്തിയപ്പോള്‍ ആ രൂപം എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാന്‍ തിരിച്ചും. കുറച്ച് കഴിഞ്ഞപ്പോള്‍ കുളിച്ച് ഈ കളറൊക്കെ ഒന്നു മാറ്റിയേക്കാം എന്ന് വിചാരിച്ച് ഞാന്‍ ടോയ്‌ലറ്റ് ഏരിയയിലേക്ക് പോയി. ഉജാല കയറ്റി കൊണ്ടു വന്ന ലോറി മറഞ്ഞ പോലെ ഉണ്ട് അവിടം കണ്ടാല്‍.‍ നേരത്തെ കണ്ട ജീവി ചകിരി കൊണ്ട് മേലൊക്കെ ഉരച്ച് കഴുകുന്നു. ഞാന്‍ ഒന്ന് കൂടെ സൂക്ഷിച്ച് നോക്കി. ഇതവന്‍ തന്നെ.

'ഡാ, ഡിങ്കാ.. അവരെന്നെ കളര്‍ വെള്ളത്തില്‍ കുളിപ്പിച്ചെടാ...'

ഉരല്‍ മദ്ദളത്തിനോട് പരാതി പറഞ്ഞു.

"നീ ഇപ്പൊ കുളിച്ചതൊന്നുമല്ലെടാ കുളി. നീ ഇനി കുളിക്കാന്‍ പോകുന്നതാണ് കുളി. നീ ജനിച്ചപ്പോ തൊട്ടു കുളിക്കാനുപയോഗിച്ച സോപ്പിനേക്കാള്‍ കൂടുതല്‍ സോപ്പിട്ട് തേച്ചാലെ നിന്റെ നിറം മാറൂ. ഞാന്‍ മെസ്സില്‍ പോയി കുറെ ചകിരി കൊണ്ട് വന്നിട്ടുണ്ട്. നീ ഉര തുടങ്ങിക്കോ. വൈകുന്നേരം ആവുമ്പൊഴേക്കും വെളുക്കും."

യാന്ത്രികമായി അവന്‍ ഉര തുടര്‍ന്നു. ഞാനും. ഒട്ടും വൈകാതെ തന്നെ മച്ചാനും, പള്ളിയും, ജയസുവും, പ്രദീപും വന്നെത്തി. യാന്ത്രികമായി അവരും ഉര തുടങ്ങി. ഉരച്ചുരച്ച് മേത്തെ നീല നിറം മാറി തുടങ്ങി. എല്ലാവരും ട്രാന്‍സ്പോര്‍ട്ട് ബസ് കഴുകിയാലെന്ന പോലെ ചുവന്നു[ലിറ്ററലി ആന്‍ഡ് ഫിഗററ്റീവ്‌ലി). തൊട്ടാല്‍ ചോര പൊടിയും. ദ്രോഹികള്‍ എന്തോ കടുത്ത പ്രയോഗമാണ് നടത്തിയത്. സീനിയേഴ്സിന് വേണ്ടി പറഞ്ഞുണ്ടാക്കിയ ഐറ്റം തന്നെ. ഒരുമാതിരി കയ്യെത്തുന്ന ഭാഗത്തെല്ലാം ഉര കഴിഞ്ഞു. ഇനി ബാക്കി ഉള്ളത് പുറമാണ്. കയ്യെത്തും പാകത്തിനുള്ളത് കളയാന്‍ പെട്ട പാട് ആലോചിക്കുമ്പോള്‍ ഇത് കൊറെ പാടു പെടും. എന്തു ചെയ്യണമെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴാണ് കെമിസ്ട്രി ക്ലാസ്സുകളില്‍ ടീച്ചര്‍ പഠിപ്പിച്ച ബെന്‍സീന്റെ ഫോര്‍മുല ചിത്രം ഓര്‍മ്മ വന്നത്. ഞങ്ങള്‍ ഓരോരുത്തരും കാര്‍ബണ്‍ ആറ്റങ്ങളായി ഒരു ബെന്‍സീന്‍ തന്മാത്ര പോലെ പരസ്പരം പുറം ഉരച്ച് കഴുകി

Tuesday, August 24, 2010

ബീഹാറി ബഹന്‍

ലൊക്കേഷന്‍: REC

മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെയാണ് പെണ്‍‍കുട്ടികള്‍ എന്നും MCA ബാച്ചിന്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്നും ബീഹാറില്‍‍ നിന്നുമുള്ള ന്യൂനമര്‍ദ്ദം കാരണം കൂടുതല്‍ മഴ കിട്ടുന്നുണ്ടെന്നാണ് അവിടെ നിന്നുള്ള കറസ്പോണ്ടന്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെയധികം പ്രതീക്ഷകളുമായി ആദ്യ വര്‍ഷം ചേരുവാനെത്തിയപ്പോള്‍ ആകെ ക്ലാസ്സിലുള്ളത് ഒരു തരുണീമണി. അവളുടെ സീനിയര്‍ ആയി ബി.എസ്‌സിക്ക് പഠിച്ച എന്‍.കെ പറഞ്ഞു, "അവള്‍ ആള്‍റെഡി ബുക്ക്ഡ് ആണ്". അതോടെ പ്രതീക്ഷകളെല്ലാം നശിച്ച് രാജ്പഥിലൂടെ പക്ഷികളെയും നോക്കി വിരാജിക്കുകയായിരുന്നു പിന്നെത്തെ പ്രധാന പരിപാടി.

രണ്ടാം വര്‍ഷം മുതല്‍‍ കൂടുതല്‍ നോര്‍‍ത്തന്മാരുള്ള ബാച്ചുകളായിരുന്നു.

മൂന്നാം വര്‍ഷം പുതിയ ബാച്ചിന്റെ അഡ്മിഷന്‍ സമയം എത്തി ചേര്‍ന്നു. നാല് കുമാരികളാണ് ഇത്തവണ ജോയിന്‍ ചെയ്യുന്നത്. 'നാലെങ്കില്‍ നാല്' , ഉള്ളത് കൊണ്ട് ഓണം പോലെ എന്നു മനസ്സില്‍ ചിന്തിച്ച് ഇത്തവണ ഒരു ഇംപാക്ട് ഉണ്ടാക്കുമെന്ന് പ്രതിജ്ഞ എടുത്തു. ഇന്‍ഡക്ഷന്‍ എന്ന ഓമന പേരിട്ട്, ക്ലാസ്സ് റൂമുകളില്‍ വച്ച് നടത്തുന്ന ചെറിയ ഒരു റാഗിംഗ് ആണ് ലവളുമാരുമായി സംസാരിക്കാന്‍ പറ്റുന്ന ഏക അവസരം. ഞാന്‍ നേരത്തെ പറഞ്ഞ ലതികകളില്‍ മൂന്ന് പേര്‍ കേരളാവില്‍ നിന്നും ഒരാള്‍ ബീഹാറില്‍ നിന്നുമാണ്. അതില്‍ നമ്മ ഊരില്‍ നിന്നുള്ള കുട്ടികള്‍ക്ക് ചുറ്റും എപ്പോഴും ഒരു പൂരത്തിനുള്ള ആളു കാണും. എന്റെ ഈ ചെറിയ ശരീരവും വച്ച് ആറടി അഞ്ചിഞ്ച് ഉള്ള ഉണ്ണിയുടേയും, ആജാന ബാഹുവായ മച്ചാന്റെയും, നാക്കിന് നാലടി നീളമുള്ള എന്‍.കെ യുടേയും ഇടയിലൂടെ ഇം‌പാക്ട് ഉണ്ടാക്കുന്നത് ഇന്ത്യ റോക്കറ്റ് ഉണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്ന് അറിയാവുന്നതു കൊണ്ട് ലവളുമാരുടെ അടുത്ത് തത്കാലം ജാഡാ കാര്‍ഡ് കളിക്കാനും പിന്നീട് അവസരം കിട്ടുമ്പോള്‍ തുറുപ്പ് ചീട്ട് ഇറക്കാനും നിശ്ചയിച്ചു. അങ്ങനെ ഞാന്‍ തൊട്ട് മാറി സാമാന്യം നന്നായി തന്നെ ഈച്ച ആട്ടിയിരിക്കുന്ന ബീഹാറി പെണ്‍കൊടിയുടടുത്ത് ഇം‌പാക്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചു.
കാണാന്‍ അത്ര തെറ്റ് പറയാവുന്നതു കൊണ്ടല്ല ലവളുടെ അടുത്ത് ആരും പെട്ടികട ഇടാത്തത്, പക്ഷേ രാഷ്ട്രഭാഷയിലുള്ള ചില പ്രായോഗിക ബുദ്ദിമുട്ടുകള്‍ കൊണ്ടായിരുന്നു. ഞാന്‍ അങ്ങനെ പറഞ്ഞെന്നും പറഞ്ഞ് ഒരു ഹിന്ദി വിദ്വാനാണ് ഞാന്‍ എന്നു അതിനു അര്‍ത്ഥമില്ല. ഇങ്ങനെയൊക്കെയല്ലെ ഓരോന്ന് പഠിക്കുന്നത്. ഇം‌പാക്ടും ഉണ്ടാക്കാം ഹിന്ദീം പഠിക്കാം.
ഞാന്‍ പതുക്കെ അവളുടെ അടുത്ത് പോയിരുന്നു. സൂപ്പര്‍ സീനിയര്‍ (സീനിയറിന്റെ സീനിയര്‍) ആയതിന്റെ കുറച്ച് ഗൗരവം ശബ്ദത്തിലും, ഉള്ള കുറച്ച് മസില്‍ ശരീരത്തിലും പിടിച്ച് ഞാന്‍ ചോദിച്ചു,

"കേരളാ കൈസാ ലഗാ?".

"ബഹുത് അച്ചാ ഹേ ഭയ്യാ |".

നേരിട്ട ആദ്യ ബോളില്‍ തന്നെ എല്‍.ബി.ഡബ്ല്യു. ആയ സൗരവ് ഗാംഗുലിയെ പോലെ ഗ്ലൗസ്സ് ഹെല്‍മെറ്റിലേക്ക് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് തിരിച്ചു നടക്കാനണ് അപ്പോള്‍ എനിക്കു തോന്നിയത്. മറ്റു മീനാക്ഷികളുടെ അടുത്ത് തീരെ സ്ഥലമില്ലാത്തതിനാലും, ആരെങ്കിലും ഇതു വാച്ച് ചെയ്യുന്നുണ്ടോ എന്നു സംശയമുള്ളതിനാലും തത്കാലം ദ്രാവിഡിനെ പോലെ മുട്ടികളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതു മാത്രമല്ല, ഇക്കാര്യത്തില്‍ എനിക്ക് റോയല്‍ ബ്ലഡ് ആണെന്ന് മച്ചാന്‍ എപ്പോഴും പറയും. ഇതല്ല, ഇതിന്റെ അപ്പുറം ചാടി കടന്നവനാണീ.......

ഞാന്‍ അവളുടെ ഇന്‍‌ട്രഡക്ഷനും, ഹിസ്റ്ററിയും, ജ്യൊഗ്രഫിയും ഒക്കെ ചോദിക്കാന്‍ തുടങ്ങി. എന്ത് പരഞ്ഞ് കഴിഞ്ഞാലും അവള്‍ പുട്ടിന് തേങ്ങ ഇടുന്ന പോലെ ഒരു 'ഭയ്യാ' കൂടെ ചേര്‍ക്കും. മിടുക്കി, എന്റെ ആഗമനോദ്ദ്യേശ്യം അവള്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. 'കോര്‍പ്പസ് കളോസം'* എന്ന ഒന്നിന്റെ മഹത്ത്വം അപ്പോഴാണ് ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. (*Corpus callosum:-Time published an article in 1992 which suggested that because the corpus is "often wider in the brains of women than in those of men, it may allow for greater cross-talk between the hemispheres—possibly the basis for women’s intuition).

അങ്ങനെ ഇന്‍‌ഡക്ഷന്‍ചരിതം രണ്ടാം ദിവസവും മൂന്നാം ദിവസവും അവള്‍ എന്നെ ഒരു ഭയ്യാ എന്നുള്ള നിലയില്‍ ശരിക്കും ഉപയോഗിച്ചു. എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ അതൊന്നും അങ്ങ് മൈന്‍ഡ് ചെയ്തില്ല. ഞാന്‍ എപ്പോള്‍ അവിടെ പോയാലും 'ഭയ്യാ' എന്നും വിളിച്ച് എന്നെ അടുത്തിരുത്തും. ഞാന്‍ സൂപ്പര്‍ സീനിയര്‍ ആയതു കൊണ്ട് വെറും സീനിയര്‍ മാരായ വടക്കന്മാര്‍ക്കു അവളെ അങ്ങനെ കടിച്ച് കുടയാന്‍ പറ്റിയില്ല. ഇത് അംഗീകരിക്കാനാവാത്ത ഒരു വെറും സീനിയര്‍ ഇന്‍‌ഡക്ഷന്‍ചരിതം നാലാം ദിവസം എന്റെ അടുത്ത് സ്വകാര്യത്തില്‍ പറഞ്ഞു.

"സര്‍, യെ ലഡ്കീ ആപ്കെ വജഹ് സെ ബഹുത്ദിന്‍ ഹമാരെ പാസ് സെ ബച് ഗയാ (അതൊ, 'ഗയീ' എന്നാണൊ? കണ്‍ഫ്യൂഷനായല്ലൊ) | ഥോടി ദേര്‍ ഇസ്കോ ചോഡ് ദീജിയെ |"

അവന്‍ പറഞ്ഞത് മുഴുവന്‍ എനിക്ക് മനസ്സിലായില്ലെങ്കിലും, ഒരു ഏകദേശ ചിത്രം എനിക്ക് മനസ്സിലായി. ആ കാലമാടന്മാര്‍ക്ക് എന്റെ പെങ്ങളെ ഞാന്‍ വിട്ടു കൊടുക്കണമത്രെ. എന്റെ രക്തം തിളച്ചു. സിരകളില്‍ ചൂട് കേറി. അതു കൊണ്ട് മാത്രം അവളെ ഞാന്‍ അവര്‍ക്ക് വിട്ടു കൊടുത്ത് പുതിയ മേച്ചില്പുറങ്ങള്‍ തേടാന്‍ തീരുമാനിച്ചു. മാത്രമല്ല മറ്റ് മൂന്ന് രമണികളുടേയും അടുത്ത് തിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു. പോകുന്നതിനുമുന്‍പ് ഒരു മുന്നറിയിപ്പ് എന്റെ ബഹന്‍ അര്‍ഹിക്കുന്നു എന്ന് എനിക്കു തോന്നിയതിനാല്‍ ഞാന്‍ അവളോട് പറഞ്ഞു.

" ഉന്‍ ലോഗോം കൊ തുംസെ കുച്ച് ബാത് കര്‍നാ ഹേ| ടെന്‍ഷന്‍ മത് കരോ| ( എന്തായാലും നീ കുടുങ്ങി, ഇനി ടെന്‍ഷന്‍ അടിച്ചിട്ടെന്തിനാ) കോയി പ്രോബ്ലം ഹേ തൊ മുച്ചെ ബോല്‍നാ! മേം ദേഘൂംഗാ! (അതന്നെ, ഞാന്‍ കണ്ടു നിന്നോളാം എന്ന് )"

അവളുടെ കണ്ണുകള്‍ ഈറനണിയുകയും ശബ്ദം ഇടറുകയും ചെയ്യുമെന്നു ഞാന്‍ വിചാരിച്ചെങ്കിലും അതൊന്നും കൂടാതെ

" ഭയ്യാ, ആപ് ജാവൊ! മേരെ ബാരെ മെം സോച് മത് കര്‍| കോയി മേരെ സാഥ് പംഗാ കരെ തൊ, മെ ഉസ്കോ യെ ലേകര്‍ മാരേഗാ|"

എന്നും പറഞ്ഞ് അവളുടെ ബാഗ് തുറന്നു. എന്റെ കണ്ണ് മഞ്ഞളിച്ചു പോയി. അവളുടേ ബാഗില്‍ അതാ വെട്ടി തിളങ്ങുന്ന ഒരു കത്തി.

അവളെ ഒരു ധീര ബഹനായി മനസ്സില്‍ സ്വീകരിച്ച്, അവളുടെ അടുത്ത് 'പംഗ' ഒന്നും കാണിക്കാന്‍ തോന്നിക്കാത്തതിന് ദൈവത്തിനും ഗുരുക്കന്മാര്‍ക്കും നന്ദി പറഞ്ഞ്, ഇനി അവളുടെ അടുത്ത് 'പംഗ' കാണിക്കാന്‍ പോവുന്നവരുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് ഞാന്‍ ആ ക്ലാസ്സ് മുറി വിട്ടിറങ്ങി നേരെ ഹോസ്റ്റല്‍ റൂമിലേക്ക് വിട്ടടിച്ചു.